ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും അഴീക്കൽ മത്സ്യബന്ധന തുറമുഖം അടഞ്ഞുകിടക്കുന്നു; വില്ലനായി വൈദ്യുതി കണക്ഷനും ബാക്കി പണികളും

Screenshot
അഴീക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആധുനികീകരിച്ച അഴീക്കൽ മത്സ്യബന്ധന തുറമുഖം ഇനിയും പ്രവർത്തനക്ഷമമായില്ല. 25.35 കോടി രൂപ ചെലവിൽ നിർമിച്ച് 2026 ഫെബ്രുവരി 28-ന് നാടിന് സമർപ്പിച്ച തുറമുഖമാണ് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിന്റെ പേരിൽ അടഞ്ഞുകിടക്കുന്നത്.
വാർഫ് (186.15 ച.മീ), മീൻ ലേലപ്പുര (585.77 ച.മീ), വനിതാ സൊസൈറ്റി ഹാൾ, ലോക്കർ മുറികൾ, പാചകശാല, വാഹനപാർക്കിങ്, ശൗചാലയം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇതിലെ 14 കടമുറികൾ ഇനിയും ലേലം ചെയ്തു നൽകാനുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ചെയ്യേണ്ട ചെറിയ പണികളും ബാക്കിയാണ്. വാഹനങ്ങൾക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തുന്ന ടോൾ പിരിവിനായുള്ള ടെൻഡർ നടപടികൾ തിരുവനന്തപുരത്ത് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
യന്ത്രവത്കൃത ബോട്ടുകൾ കടലിറങ്ങാൻ ഇനിയും വൈകും
ട്രോളിങ് നിരോധനം ജൂലായ് 31-ന് അവസാനിച്ചെങ്കിലും അഴീക്കലിൽ നിന്ന് യന്ത്രവത്കൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങാൻ ഇനിയും രണ്ടാഴ്ച കൂടി സമയമെടുക്കും. കർണാടകയിൽ നിന്നുള്ള ബോട്ടുകളാണ് ഇവിടെ കൂടുതലും ഉള്ളത്. ഈ ബോട്ടുകളും മറുനാട്ടുകാരായ തൊഴിലാളികളും ഓഗസ്റ്റ് 25-ന് ശേഷമേ തിരിച്ചെത്തുകയുള്ളൂ. നിലവിൽ ഏതാനും നാടൻ ബോട്ടുകൾ മാത്രമാണ് അഴീക്കലിൽ നിന്ന് മീൻപിടുത്തത്തിന് പോകുന്നത്.







