ഭക്തിസാന്ദ്രമായി കർക്കടക വാവുബലി; സംസ്ഥാനത്തെ പ്രധാന സ്നാനഘട്ടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ തുടങ്ങി

Screenshot
പോയതലമുറയുടെ ആത്മശാന്തിക്കായി പ്രാർഥിച്ച്, ജീവിച്ചിരിക്കുന്ന അനന്തര തലമുറ ധ്യാനമനസ്സോടെ ശ്രാദ്ധമർപ്പിക്കുന്ന കർക്കടക വാവുബലിക്ക് സംസ്ഥാനത്ത് തുടക്കമായി. ആലുവ മണപ്പുറം, വർക്കല, തിരുവല്ലം ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഉച്ചവരെ തർപ്പണ കർമങ്ങൾ തുടരും.
തിരുവനന്തപുരത്ത് വർക്കല പാപനാശം കടപ്പുറത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് മുതൽ തന്നെ ഭക്തരുടെ വലിയ ഒഴുക്കായിരുന്നു. പുലർച്ചെ ഇവിടെ ബലി ചടങ്ങുകൾ ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ രാവിലെ 4.30-നാണ് വാവിൻ്റെ ചടങ്ങുകൾ തുടങ്ങിയത്. അരുവിപ്പുറം ശിവക്ഷേത്രം, ശംഖുംമുഖം കടപ്പുറം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം ശിവക്ഷേത്രം, കന്യാകുമാരി തുടങ്ങി നിരവധിയിടങ്ങളിൽ പിതൃതർപ്പണം നടക്കുന്നുണ്ട്.
ആലുവ പെരിയാറിന്റെ തീരത്ത് ബുധനാഴ്ച പുലർച്ചെ രണ്ടുമണി മുതൽ ബലിതർപ്പണം ആരംഭിച്ചു. വൈകീട്ട് മൂന്നുമണി വരെ ഇവിടെ ബലിതർപ്പണം നടത്താം. മഴ മാറിനിന്നതും വെള്ളം ഉയരാത്തതും കാരണം പുഴയിൽ തന്നെ തർപ്പണം നടത്താൻ കഴിയുന്നത് ഭക്തർക്ക് ആശ്വാസമായി. മണപ്പുറം ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുന്നു. അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും പോലീസിൻ്റെ കർശന സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ആലുവ മണപ്പുറത്ത് മാത്രം മൂന്ന് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഫയർ ഫോഴ്സ്, സ്കൂബ ഡൈവർമാർ, ലൈഫ് ഗാർഡുകൾ, മെഡിക്കൽ സംഘം എന്നിവരും സജ്ജമാണ്. പ്രധാന സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക ബസ് സർവീസുകളും നടത്തുന്നുണ്ട്.







