കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; മൺമറഞ്ഞത് 3 ഗ്രാമങ്ങളും 330 ജീവനുകളും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിതുമ്പി നാട്

Screenshot
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു.
മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവൻ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് രണ്ട് വർഷം തികയുകയാണ്. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരൽമലയിലും ആഞ്ഞടിച്ച ഉരുൾ കവർന്നെടുത്തത്, നൂറുകണക്കിന് ജീവനുകളും. മനുഷ്യരുടെ പ്രതീക്ഷകളുമാണ്. ആ മഹാദുരന്തത്തിനിപ്പുറം നിശ്ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതൊന്നും ഇന്നിവിടെയില്ല. അവിശേഷിക്കുന്നത് ഉരുൾ പൊട്ടലിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞു പോയ വീടുകളും മാത്രമാണ്. ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവനും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഓർമ്മകൾ പേറുകയാണ് ഇന്നീ ദുരന്തഭൂമി. ചൂരൽമലയിലും നാട്ടുകാരില്ല. എന്നാല്‍, വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ ചൂരൽമല അതിജീവനത്തിന്റെ പാതയിലാണ്.







