വയോധികയുടെ മാല പൊട്ടിച്ച കേസ്: പ്രതികൾ 24 മണിക്കൂറിനുള്ളിൽ മംഗലാപുരത്തുനിന്ന് ധർമ്മടം പോലീസും എഎസ്പി സ്ക്വാഡും ചേർന്ന് പിടികൂടി.

Screenshot
ധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന അസുഖബാധിതയായ വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ ധർമ്മടം പോലീസും തലശ്ശേരി എഎസ്പി സ്ക്വാഡും ചേർന്ന് പിടികൂടി. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ(20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ്(22) എന്നിവരാണ് പോലീസിന്റെ വലയിലായത്. ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്ന് ചോദിച്ചെത്തിയ പ്രതികൾ വയോധികയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ച ചെയ്ത മാല വിറ്റ ശേഷം കാസർകോട്ടുനിന്ന് വാഹനം വാടകയ്‌ക്കെടുത്ത് പ്രതികൾ മംഗലാപുരം ഭാഗത്തേക്ക് പേവുകയാണ് ഉണ്ടായത്. പ്രതികളെ കുറിച്ച് വിവര ലഭിച്ചതോടെ പോലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം ഭാഗങ്ങളിൽ സ്പ്ലിറ്റ് ആയി നടത്തിയ തിരച്ചിലിലാണ് മംഗലാപുരം സൂറത്ത്കൽ നിന്ന് പ്രതികളെ പിടികൂടിയത്.
മുഹമ്മദ് അനസിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ഒരു കേസ്സും, മുഹമ്മദ് യാസിൻ ന് കോഴിക്കോട് റെയിൽവെ പോലീസിൽ ഒരു കേസ്സും ഉണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, തലശ്ശേരി എഎസ്പി നന്ദഗോപൻ എം. ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ അനുരൂപ് കെ സി.പി.ഒ.മാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.







