കണ്ടൽക്കാട് സംരക്ഷണ ദിനം: തോട്ടട എസ്.എൻ. കോളേജ് വിദ്യാർത്ഥികൾ ധർമടം തുരുത്തിൽ കണ്ടൽ നടീലും ശുചീകരണവും നടത്തി

Screenshot
തോട്ടട: കണ്ടൽക്കാട് സംരക്ഷണ ദിനത്തോടനുബന്ധിച്ച് തോട്ടട എസ്.എൻ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ (20, 21) നേതൃത്വത്തിൽ ധർമടം തുരുത്തിൽ കണ്ടൽ നടീലും പ്ലാസ്റ്റിക് നിർമാർജനവും സംഘടിപ്പിച്ചു. പരിപാടി ധർമടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമടം കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും കണ്ടൽക്കാടുകളിൽ മാലിന്യം തള്ളുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയേഴ്‌സും പ്രോഗ്രാം ഓഫീസർമാരും ചേർന്ന് പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസരം വൃത്തിയാക്കുകയും കണ്ടൽ തൈകൾ നടുകയും ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ, വാർഡ് മെമ്പർ മോഹനൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. എം.വി. ജീഷ്ണ, ആർ. നിതിന്യ എന്നിവർ സംസാരിച്ചു.







