മേലെചൊവ്വയിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാകുന്നു

Screenshot
കണ്ണൂർ: നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായുള്ള റോഡ് ടാറിങ് പ്രവൃത്തി പൂർത്തിയായി. വ്യാഴാഴ്ച രാത്രി മുഴുവൻ തൊഴിലാളികൾ പ്രവൃത്തിയിലായിരുന്നു. ടി.ഒ. മോഹനൻ എം.എൽ.എ. രാത്രി തന്നെ സ്ഥലത്തെത്തി പ്രവർത്തന പുരോഗതി വിലയിരുത്തി. ഇന്ന് (വെള്ളിയാഴ്ച) മുതൽ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നുപോകാനാകുമെന്ന് അധികൃതർ അറിയിച്ചു.
മേൽപ്പാലം പണി നടക്കുന്നതിനാൽ മേലെചൊവ്വയിൽ വിവിധ ഭാഗത്തേക്കുള്ള വാഹനങ്ങളെ ഇരുവശങ്ങളിലൂടെയുമായിരുന്നു കടത്തിവിട്ടിരുന്നത്. എന്നാൽ ഇവിടെ റോഡിലെ ടാറിങ് അടർന്ന് കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു. തിങ്കളാഴ്ച എം.എൽ.എ. ഓഫീസ് തുറന്നശേഷം ആദ്യം ചർച്ചചെയ്തത് ചൊവ്വയിലെ ഗതാഗതക്കുരുക്ക് വിഷയമാണെന്നും, പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും ടി.ഒ. മോഹനൻ എം.എൽ.എ. പറഞ്ഞു. റോഡ് വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, താഴെചൊവ്വ മുതൽ കിഴുത്തള്ളി വരെയുള്ള റോഡിലെ ടാറിങ് പ്രവൃത്തിയും പുരോഗമിക്കുകയാണ്.







