LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 11, 2026

സി പി എമ്മിന്‍റേത് ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ – യു ഡി എഫ്

0
82d9d2f1-d1be-4210-a749-62cfd5a9772c
Spread the love

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എൽ ഡി എഫ് കോര്‍പ്പറേഷനെതിരെ നിരന്തരം കാടിളക്കി ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് എന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. അത് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. ആരോപണങ്ങളുടെ പൊള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ് യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നത്. എല്‍ ഡി എഫിന്‍റെ സീറ്റ് 19 ല്‍ നിന്ന് 15 ആയി കുറയുകയും ചെയ്തു. സി പി എമ്മിന്‍റെ സഹായത്തോടെ ബി ജെ പി ക്ക് 4 സീറ്റ് ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കോര്‍പ്പറേഷനു മുമ്പില്‍ ധര്‍ണ്ണ സമരം നടത്താന്‍ എത്തിയ എല്‍ ഡി എഫുകാര്‍ രാവിലെ തന്നെ ജീവനക്കാരെയും മേയര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരെയും ഓഫീസിലേക്ക് കയറ്റി വിടാതെ ഉപരോധിക്കുകയായിരുന്നു. സമരം ചെയ്യാന്‍ അവകാശമുണ്ട്. അത് മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ചെയ്യുക. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ സി പി എമ്മിന്‍റെയും ഡി വൈ എഫ് ഐയുടെയു ഗുണ്ടകളെ ഉപയോഗിച്ച് മേയറെയും കൗണ്‍സിലര്‍മാരെയും തടയുകയും അവരെ കൈയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായത്. ഇതെല്ലാം നടന്നത് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആശിര്‍വാദത്തോടെയാണ്. സ്ത്രീ സുരക്ഷ എന്നത് വെറും പി ആര്‍ വാചകം മാത്രമാണ് എന്ന് ഇവരുടെ നടപടികള്‍ നിരന്തരമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേഷന്‍റെ ഗേറ്റ് അടച്ച് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമ്പോള്‍ പോലീസ് സി പി എമ്മിന്‍റെ റെഡ് വളണ്ടിയര്‍മാരെപ്പോലെയാണ് പെരുമാറിയത്. സി പി എം/ഡി വൈ എഫ് ഐ ഗുണ്ടകളെ ഉള്ളില്‍ കയറ്റി മേയറെയും കൗണ്‍സിലര്‍മാരെയും ഉദ്യോഗസ്ഥരെയും അകത്തേക്ക് കയറ്റി വിടാതിരിക്കുകയാണ് പോലീസ് ചെയ്തത്. മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് വധശ്രമം ചുമത്തി കെ എസ് യു പ്രവര്‍ത്തകരെ ജയിലിലടച്ച പോലീസ് വനിതാ മേയര്‍ക്കെതിരെ കയ്യേറ്റമുണ്ടായിട്ട് നിസ്സാര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഇപ്പോള്‍ സമരം ചെയ്യാനുണ്ടായ കാരണമായി പറയുന്നത് എം എല്‍ എ യുടെ പദ്ധതികള്‍ക്ക് കോര്‍പ്പറേഷന്‍ തുരങ്കം വെക്കുന്നു എന്നും കോര്‍പ്പറേഷന്‍ വികസനത്തിന് എതിരാണ് എന്നുമാണ്. മന്ത്രിയും എം എല്‍ എ യും ആയ കണ്ണൂരിന്‍റെ ജനപ്രതിനിധി എന്ത് വികസനമാണ് കഴിഞ്ഞ 10 വര്‍ഷമായി നടപ്പിലാക്കുന്നത് എന്നും കോര്‍പ്പറേഷന്‍ എന്താണ് അതിന് തടസ്സമായി നിന്നിട്ടുള്ളത് എന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്.
കോര്‍പ്പറേഷനുമായി യാതൊരു കൂടിയാലോചനകളോ അറിയിപ്പോ നല്‍കാതെ എം എല്‍ എ എന്തൊക്കെയോ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചില നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നുമുണ്ട്. കോര്‍പ്പറേഷന്‍ ഉടമസ്ഥതയില്‍ ഉള്ള ചില സ്ഥലങ്ങളില്‍ പോലും കോര്‍പ്പറേഷനുമായി ഒരു ചര്‍ച്ച പോലും നടത്താതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. ഇവയില്‍ ചിലയിടത്ത് കോര്‍പ്പറേഷന്‍ പല പദ്ധതികളും ആരംഭിക്കാനിരിക്കുകയുമാണ്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ടൗണ്‍ സ്ക്വയറിലെ പ്രവൃത്തിയുടെ നിര്‍മ്മാണത്തിന് അനുമതി ഇല്ലാത്തതിനാലാണ് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. സാധാരണ സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണങ്ങള്‍ക്ക് അനുമതിയില്ലെങ്കിലും സ്റ്റോപ്പ് മെമ്മോ നല്‍കാറില്ല. എന്നാല്‍ ടൗണ്‍ സ്ക്വയറുമായി ബന്ധപ്പെട്ട നിര്‍മ്മാണം അനധികൃതമാണെന്നും, കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങേണ്ട കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് വാങ്ങാതെയാണ് നിര്‍മ്മാണം നടക്കുന്നത് എന്ന് കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കുകയും കോര്‍പ്പറേഷനിലും അത്തരം പരാതി ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ മന്ത്രിക്ക് ഇതൊന്നും ബാധകമല്ല എന്ന് പറയുന്നതിലൂടെ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല എന്ന് തെളിയിക്കുകയാണ്.

എംഎല്‍എ ഒന്നും ചെയ്തില്ല എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ആസ്ഥാനമന്ദിരം 4 വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2022 ഏപ്രില്‍ 1 ന് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു സി പി എമ്മിന്‍റെ സ്വന്തം സൊസൈറ്റിയായ ഊരാളുങ്കലിനെ കരാര്‍ ഏല്‍പ്പിച്ചത്. ഫണ്ടും നിര്‍മ്മാണവും,

എല്ലാം സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ്. ഭൂമി കൈമാറുക എന്ന ഒരൊറ്റ ഉത്തരവാദിത്തം മാത്രമാണ് കോര്‍പ്പറേഷന് ഉണ്ടായത്. നിര്‍മ്മാണം നടത്തി 4 വര്‍ഷമായിട്ടും പണി പൂര്‍ത്തിയായിട്ടില്ല. ഫണ്ട് നല്‍കാത്തതിനാല്‍ ഊരാളുങ്കല്‍ ഒരു വര്‍ഷത്തോളം പണി നിര്‍ത്തിവെച്ചു. ഒരു ഘട്ടത്തില്‍പോലും എം എല്‍ എ/മന്ത്രി ഇടപെട്ടിട്ടില്ല. അത് കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷം നിര്‍മ്മാണം ആരംഭിച്ച തൊട്ടടുത്ത കോടതി കെട്ടിടനിര്‍മ്മാണത്തില്‍ ഇതിനേക്കാള്‍ പുരോഗതിയുണ്ട്. സ്റ്റേഡിയത്തിനടുത്തുള്ള എം എല്‍ സി പി പദ്ധതിക്ക് ഇലക്ട്രിക്കല്‍ വര്‍ക്കിന്‍റെ അനുമതി സര്‍ക്കാരില്‍ നിന്ന് കിട്ടാത്തതിനാല്‍ രണ്ടു വര്‍ഷത്തോളം നിര്‍മ്മാണം തടസ്സപ്പെട്ടു. കണ്ണൂരിന്‍റെ ജനപ്രതിനിധി ഒരിക്കല്‍ പോലും ഇടപെട്ടില്ല. കോര്‍പ്പറേഷനിലെ ജീവനക്കാരെ നിരന്തരം സ്ഥലം മാറ്റി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. മന്ത്രിയെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു. ഒരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത് കാടിളക്കി പ്രചരണം നടത്തിയിട്ടും അമ്പേ പരാജയപ്പെട്ടതിന്‍റെ നിരാശാ ബോധമാണ് സി പി എമ്മിന്. കണ്ണൂരിന്‍റെ മാത്രമാണ് തുടര്‍ഭരണം ലഭിച്ചത്. സി പി എം ഭരിച്ച മറ്റ് കോര്‍പ്പറേഷനുകളെല്ലാം ദയനീയമായി പരാജയപ്പെട്ടു. അതിന്‍റെ ജാള്യതയും അപമാനവും മറച്ചുവെക്കാനും 10 വര്‍ഷക്കാലം കണ്ണൂര്‍ മണ്ഡലത്തിന് ഭാരമായ എം എല്‍ എ യെ വെള്ള പൂശാനും ഉള്ള പണിയാണ് സി പി എം നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം പറയത്തക്ക ഒരു വികസനവും നടത്താതെ സി പി എമ്മിന്‍റെ പാവയായി പ്രവര്‍ത്തിച്ച എം എല്‍ എ യെ ജനങ്ങള്‍ തിരിച്ചറിയും എന്നായപ്പോള്‍ കോര്‍പ്പറേഷനുമേല്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കും എന്ന കാര്യത്തില്‍ സംശയം ഇല്ല. എം എല്‍ എ യുടെ പൊതുവായ വികസന വായ്ത്താരികളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചരണവുമായി യു ഡി എഫ് മുന്നോട്ട് പോകും. മേയറെ ആക്രമിച്ച എൽ ഡി എഫ് ക്രിമിനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് കോർപ്പറേഷന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതാണ് . പത്ര സമ്മേളനത്തിൽ നേതാക്കളായ അഡ്വ.അബ്ദുൽ കരീം ചേലേരി, അഡ്വ.മാർട്ടിൻ ജോർജ്ജ് , അഡ്വ.ടി ഒ മോഹനൻ, കെ പി താഹിർ, റിജിൽ മാക്കുറ്റി, മുസ്‌ലിഹ്‌ മഠത്തിൽ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!