ഇ.കെ നായനാര്‍ സ്മാരക ഗവ.ആശുപത്രിയില്‍ വന്ധ്യതാ നിവാരണ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

മാങ്ങാട്ടുപറമ്പ് ഇ.കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിര്‍മിച്ച കാഷ്വാലിറ്റി ബ്ലോക്കിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ആന്തൂര്‍ നഗരസഭ അധ്യക്ഷ വി സതീദേവി അധ്യക്ഷയായി.
വന്ധ്യതാ നിവാരണം ലെവല്‍ വണ്‍ ചികിത്സാരീതിയായ ഇന്‍ട്രാ യുട്രൈന്‍ ഇന്‍സെമിനേഷന്‍ രീതിയാണ് ക്ലിനിക്കില്‍ നിന്ന് ആദ്യഘട്ടത്തില്‍ നല്‍കുക.
ആവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാണ്. പരിശീലനം നേടിയ ജീവനക്കാരുടെ സേവനം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം യൂണിറ്റ് പ്രവര്‍ത്തിക്കും. 74.85 ലക്ഷം രൂപ ചെലവിലാണ് വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് കാഷ്വാലിറ്റി ബ്ലോക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചത്. ബേസ്മെന്റും ഗ്രൗണ്ട് ഫ്ളോറും അടങ്ങുന്ന കെട്ടിടമാണ് നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി മൂന്നു കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി ബ്ലോക്കിന്റെ ഒന്നാംനിലയുടെ നിര്‍മാണ പ്രവൃത്തിയും ആരംഭിച്ചു. പി ഡബ്ല്യു ഡി കെട്ടിട വിഭാഗത്തിനാണ് പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല.
ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി സച്ചിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷന്‍ വിനോദ് പാച്ചേനി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ദീപ, വാര്‍ഡ് അംഗം കെ.പി മോഹനന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.പി ബിജോയ്, ആശുപത്രി സൂപ്രണ്ട് ഡോ. അനീറ്റ കെ ജോസി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(പടം)






