എം.എൽ.എ ഫണ്ട് വികസനം തടയുന്നു; കണ്ണൂർ കോർപ്പറേഷനെതിരെ എൽ.ഡി.എഫ് മാർച്ച് നാളെ

Screenshot
കണ്ണൂർ: വികസന പദ്ധതികൾ തടസ്സപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന കണ്ണൂർ കോർപ്പറേഷൻ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നാളെ (ചൊവ്വാഴ്ച) മാർച്ച് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്‌ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കണ്ണൂർ മണ്ഡലത്തിൽ നടപ്പാക്കാൻ നിർദേശിച്ച പദ്ധതികളെല്ലാം കോർപ്പറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന ആരോപണം.
കോർപ്പറേഷനെതിരായ എൽ.ഡി.എഫിന്റെ പ്രധാന ആരോപണങ്ങൾ:
• വയോജന വിശ്രമ കേന്ദ്രം: വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാൻ 1 കോടി രൂപ അനുവദിച്ചിട്ടും കോർപ്പറേഷൻ സ്ഥലം വിട്ടുനൽകുന്നില്ല.
• ഹോമിയോ ആശുപത്രി മുടക്കി: ജില്ലാ ഹോമിയോ ആശുപത്രിക്കായി എം.എൽ.എ ഫണ്ടുപയോഗിച്ച് കെട്ടിടനിർമാണം തുടങ്ങിയെങ്കിലും കോർപ്പറേഷൻ സ്‌റ്റോപ് മെമ്മോ നൽകി നിർത്തിവെപ്പിച്ചു.
• ടൗൺ സ്ക്വയർ പന്തൽ: കണ്ണൂർ ടൗൺ സ്ക്വയറിലെ പന്തൽ നിർമ്മാണം തുടങ്ങിയപ്പോഴും കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ നൽകി.
• റോഡ് അറ്റകുറ്റപ്പണികൾ: എം.എൽ.എ ഫണ്ട്, ബജറ്റ് ഫണ്ട്, കാലവർഷക്കെടുതി ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി അനുവദിച്ച പല റോഡുകളുടെയും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് കോർപ്പറേഷൻ സമർപ്പിക്കാത്തതിനാൽ ഭരണാനുമതി വൈകുന്നു.
• മറ്റ് പദ്ധതികൾ: തോട്ടട സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിളക്കുകൾ സ്ഥാപിക്കാൻ അനുമതി നൽകുന്നില്ല. സ്പോർട്സ് സ്കൂൾ വികസനത്തിന് സ്ഥലം നൽകുന്നില്ല. കോർപ്പറേഷൻ ഓഫീസ് പ്രവർത്തിക്കുന്ന ജൂബിലി ഹാളിന്റെ മതിൽ നിർമ്മാണം പൂർത്തിയാക്കാനും അനുവദിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. മാർച്ച് വൻവിജയമാക്കാൻ എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.പി. സുധാകരൻ അഭ്യർഥിച്ചു.






