മുഴുവൻ ജനവിഭാഗത്തിന്റെയും ക്ഷേമം ലക്ഷ്യമിട്ട് ആന്തൂർ നഗരസഭ ബഡ്ജറ്റ്

തളിപ്പറമ്പ്: നഗരസഭയിലെ മുഴുവൻ ജനവിഭാഗത്തിന്റെയും ക്ഷേമത്തിൽ ഊന്നി കൊണ്ട് ആന്തൂർ നഗരസഭ ബഡ്ജറ്റ്. നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി അവതരിപ്പിച്ച ബഡ്ജറ്റിൽ ആന്തൂരിലേക്ക് വിനോദസഞ്ചാരികള ആകർഷിക്കാൻ സാധിക്കുന്ന വിധത്തിൽ ടൂറിസ്റ്റ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും ബഡ്ജറ്റിൽ പറഞ്ഞു.
ധർമ്മശാലയിൽ നിന്ന് ആരംഭിച്ച് സ്നേക്ക് പാർക്ക്, വിസ്മയ പാർക്ക്, പറശിനിക്കടവ് അമ്പലം, എ.കെ.ജി
ഐ ലൻഡ്, നീലിയാർ കോട്ടം, കടമ്പേരി, മേൽത്തളി, കീഴ്തളി അമ്പലങ്ങൾ, വിവിധ കാവുകൾ, വെള്ളിക്കീൽ ടൂറിസം കേന്ദ്രം, കൈത്തറി ഉൽപ്പന്ന വിതരണ കേന്ദ്രങ്ങൾ, പറശിനിക്കടവ് ബോട്ട് യാത്ര തുടങ്ങി സാധ്യമായ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി വിനോദ വിജ്ഞാന യാത്രകൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം,
ആന്തൂരിന്റെ പൈതൃക കേന്ദ്രങ്ങൾ, ജൈവ വൈവിധ്യങ്ങൾ എന്നിവ കാണുന്നതിനുള്ള സൗകര്യം,
ഇതിൽ ആവശ്യമായ പദ്ധതി ടൂറിസം ഡിപ്പാർട്ട്മെന്റുമായി കൂടി ആലേചിച്ചു നടപ്പിലാക്കുമെന്നും ബഡ്ജറ്റിൽ പറഞ്ഞു.
കക്കൂസ് മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ എസ്.ടി.പി, എഫ്.എസ്.ടി.പി എന്നിവ സ്ഥാപിക്കുന്നതിന് 22.9 കോടി രൂപ വകയിരുത്തി. എ.കെ.ജി ഐലന്റിൽ ടൂറിസം പാർക്കിന് 25 ലക്ഷം, കാഴ്ച പരിമിതിയുള്ളവർക്ക് മൊബൈൽ ഫോൺ നൽകുന്നതിന് 1.5 ലക്ഷം, സമഗ്ര നെൽകൃഷി വികസനത്തിന് 60 ലക്ഷം, സമഗ്ര തെങ്ങ് കൃഷി വികസനത്തിന് 20 ലക്ഷം, വിവിധ വാർഡുകളിൽ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിന് 30 ലക്ഷം, മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിനു വേണ്ടി 10 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. 51, 23, 71,566 രൂപ വരവും 30,48,37,000 രൂപ ചെലവും 3, 41, 70566 രൂപ നീക്കിയിരുപ്പുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
നഗരസഭ ചെയർപേഴ്സൺ വി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി.പ്രേമരാജൻ, എം.ആമിന, ഓമന മുരളീധരൻ, പി.ദീപ, നഗരസഭ കൗൺസിലർമാരായ ടി.നാരായണൻ, കൊമ്പൻ കുഞ്ഞപ്പ പ്രസംഗിച്ചു. മുൻ ചെയർ പേഴ്സൺമാരായ പി.കെ ശ്യാമള, പി.മുകുന്ദൻ പങ്കെടുത്തു.
നഗരസഭ സെക്രട്ടറി കെ.മനോജ്കുമാർ സ്വാഗതം പറഞ്ഞു.







