LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 25, 2026

ഐആർഐഎ രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം- മുഖ്യമന്ത്രി

43d3f871-2631-46d7-890f-913146c9b6cd.jpg
Spread the love

ഇൻ്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർവേദ നാടിന് സമർപ്പിച്ചു

ഇൻ്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർവേദ രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാട് ഇൻ്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർവേദ (ഐആർഐഎ) നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഒരു സ്ഥാപനമായി ഈ ആയുർവേദ ഗവേഷണ കേന്ദ്രത്തെ ഉയർത്താൻ നമുക്ക് സാധിക്കണം. അതിനായി നാടിന്റെയും നാട്ടുകാരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
രാജ്യത്തെ ആദ്യം എന്ന നിലയിലുള്ള ഒട്ടേറെ സ്ഥാനങ്ങൾ നമ്മുടെ കേരളത്തിന് നേടാനായിട്ടുണ്ട്. നമ്മുടെ കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാനായത്. ലോകം  ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിലുണ്ട് എന്ന് കാണുമ്പോൾ ആശ്ചര്യപ്പെടുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്, അതും കേരളത്തിലാണ് സ്ഥാപിക്കുന്നത്. അതടക്കം നാല് സയൻസ് പാർക്കുകളാണ് സ്ഥാപിക്കാൻ പോകുന്നത്. അതിലൊണ് കണ്ണൂരിൽ തന്നെയാണ് വരാൻ പോകുന്നത്. നമ്മുടെ നാടിന് എങ്ങനെ ഈ ശാസ്ത്രയുഗത്തിൽ കൂടുതൽ മികവോടെ മുന്നോട്ടു പോകാൻ ആകും എന്നതാണ് ഇതിലൂടെയൊക്കെ നാം നോക്കുന്നത്.  വിഴിഞ്ഞം പോർട്ട്  രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടാണ്. ഏത് വൻകിട കപ്പലിനും ഇവിടെ വരാം. കരയോടടുത്ത് വരാം. അത് അങ്ങനെ സാധിക്കുന്ന അപൂർവ്വം തുറമുഖങ്ങളിൽ  ഒന്ന് വിഴിഞ്ഞമാണ്. 
നമ്മുടെ രാജ്യം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന മറ്റൊരു സ്ഥാപനമാണ് രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ. അതും കേരളത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതുപോലെതന്നെ വാട്ടർ മെട്രോ രാജ്യത്ത് ആദ്യത്തേതാണ്.  അതേപോലെ തന്നെ ന്യൂട്രാസ്യൂട്ടിക്കൽ മേഖല, അതിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ്  കേരളത്തിൽ സ്ഥാപിക്കുന്നു. മൈക്രോബയോം  മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയാണ്. അതോടൊപ്പം തന്നെ ജിനോം ഡാറ്റാ സെന്റർ നമുക്ക് സ്ഥാപിക്കാൻ കഴിഞ്ഞു. ഇവിടെ സ്പേസ് പാർക്ക് കെ-സ്പേസിന്റെ ഭാഗമായി നമ്മുടെ ശാസ്ത്രയുഗത്തിന് ചേർന്ന തരത്തിൽ വികസിപ്പിച്ച്  വരികയാണ്. ഇവിടെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായി നാം സ്ഥാപിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറാൻ പോവുകയാണ്.
ഇവിടെ അടുത്ത് തന്നെ നമ്മൾ കല്ലിട്ട ഫയർ ഫോഴ്സ് അക്കാദമി, രാജ്യത്തെ രണ്ടാമത്തെ ഫയർ ഫോഴ്സ് അക്കാദമിയാണ്. ഇന്റർനെറ്റ് ഒരവകാശമായി പ്രഖ്യാപിച്ച നാടാണ് നമ്മുടേത്. അതിന്റെ ഭാഗമായി കെ-ഫോൺ വന്നു. കെ-ഫോൺ വിശദമായി പഠിക്കാനും മറ്റും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ടേക്ക് ആളുകൾ വരികയാണ്, അവിടെ പ്രവർത്തിക്കാൻ വേണ്ടി. 
കേരളം എങ്ങനെ മാറുന്നു എന്നാണ് ഇതിലൂടെയെല്ലാം കാണുന്നത്.

നാട്ടു വൈദ്യൻമാരുടെ   പാരമ്പര്യ ജ്‌ഞാനം ഉപയോഗപ്പെടുത്തണം

വലിയതോതിൽ കഴിവാർജ്ജിച്ച നാട്ടുവൈദ്യൻമാർ നമ്മുടെ നാട്ടിലുണ്ടെന്നും അവരുടെ സംഭാവനകൾ യുവ ഗവേഷകർക്ക് വലിയതോതിൽ കരുത്തായി മാറുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.  എല്ലാ രംഗത്തും വ്യാജൻമാർ ഉണ്ടാവാം. അവരെ തിരിച്ചറിയണം. അല്ലാതെ പൊതുവേ ആളുകൾ വ്യാജരാണെന്ന് ചിന്തിക്കാൻ പാടില്ല. കേരളത്തിൽ ഒട്ടേറെ കഴിവുറ്റ ആയുർവേദ ജ്ഞാനികൾ ഉണ്ട്. അവരെ പ്രത്യേകമായി കണ്ടെത്തണം.
ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ട അവസ്ഥയുണ്ടാവാം. അതിന് തുറന്ന മനസ്സുവേണം. ഏറ്റവും പ്രധാനം അതാണ്. കൊട്ടിയടച്ച മനസ്സാകരുത്. തുറന്ന മനസ്സോടെ സമീപിക്കണം. എല്ലാവരെയും അംഗീകരിക്കണം. ആദരിക്കണം. തന്നെപ്പോലെത്തന്നെ വൈദ്യരംഗത്തുള്ളയാളാണ് നാട്ടുവൈദ്യർ എന്ന ഒരു ആദരവ് കൊടുത്തുകൊണ്ട് അവരെ സമീപിക്കണം. നല്ല ഗവേഷകർ ഉണ്ടാകണമെങ്കിൽ അതിന്റെ എല്ലാ സജ്ജീകരണങ്ങളും വേണം.അതോടൊപ്പം സസ്യങ്ങൾ തിരിച്ചറിയണം. ആയുർവേദത്തിൽ പഠിക്കുന്ന മരുന്നുകളും ആ മരുന്നേതാണെന്ന് തിരിച്ചറിയാൻ കഴിയുന്ന നിലയുമുണ്ടാവണം. ഇന്ന് കൊടുക്കുന്ന മരുന്നിനെപ്പറ്റി മാത്രം, തയ്യാറാക്കിയ മരുന്ന് കൊടുക്കാൻ മാത്രം അറിയുന്നവരാണ് മഹാഭൂരിഭാഗം നമ്മുടെ നാട്ടിലെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ആയുർവേദ ഡോക്ടർമാർ.
ആ പറയുന്ന ചികിത്സാരീതിയിലെ സസ്യം പോലും എന്താണെന്ന് തിരിച്ചറിയാത്ത ഒട്ടേറെപ്പേരുണ്ട്. ആ കഴിവാർജ്ജിക്കാനാവണം. എങ്കിലേ അത്തരം സസ്യങ്ങൾ സംരക്ഷിക്കുന്ന പ്രവർത്തനത്തിലേക്ക് നീങ്ങാൻ പറ്റൂ.
അതിന്റെ ഭാഗമായി ഇപ്പോ ഇവിടെ ചെറിയൊരു ഔഷധത്തോട്ടം തുടങ്ങിയിട്ടുണ്ട്. അത് വൻതോതിൽ വികസിപ്പിക്കാനാവണം. ഇവിടുത്തെ 300 ഏക്കറിന് പുറമെ വേറെ സ്ഥലം വേണമെങ്കിൽ അതും ഇതിനുവേണ്ടി  ഉപയോഗിക്കേണ്ടിവരും. അങ്ങനെ ഈ സ്ഥാപനം ലോകം അറിയപ്പെടുന്ന ഒരു സ്ഥാപനമായി മാറുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുതകുന്ന സമീപനം ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഇപ്പോൾ തുറന്ന മനസ്സോടെ കാര്യങ്ങൾ നീക്കാൻ തയ്യാറായാൽ അതിന് തുടർച്ചയുണ്ടാവും. അത്തരമൊരു രീതി ഈ സ്ഥാപനം തുടർന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണ്ട് കാലത്ത് മറ്റു പലർക്കും അറിയാത്ത അറിവ് സ്വായത്തമാക്കിയ വൈദ്യന്മാർ ഉണ്ടായിരുന്നു. പക്ഷേ നിർഭാഗ്യകരമായ ഒരു കാര്യം, ഈ അറിവ് വളരെ രഹസ്യമാക്കി വെച്ചു എന്നുള്ളതാണ്. അതിന്റെ ഭാഗമായി പലവിധ അറിവുകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എന്താണ് ആ വൈദ്യൻ കൊടുത്ത മരുന്ന് എന്ന് മറ്റുള്ളവർക്ക് അറിയില്ല. വളരെ രഹസ്യമായി കൂടെയുള്ളവർക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണ് ഈ മരുന്ന് കൊടുക്കുന്ന രീതി ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കാലശേഷം ആ അറിവ് നഷ്ടപ്പെട്ടു പോയി. ഇങ്ങനെ നഷ്ടപ്പെട്ടുപോയ പല അറിവുകളുമുണ്ട്. എന്നാൽ ഇപ്പോഴും ആയുർവേദം എന്നത് മികവാർന്ന വൈദ്യശാഖയായി നിലനിൽക്കുന്നു. ഇവിടെ ആയുർവേദ രംഗത്ത് സർക്കാർ കടന്നുവന്നിട്ട് കുറച്ചു കാലമേ ആയുള്ളൂ. നമ്മുടെ നാട്ടിലെ പാരമ്പര്യ വൈദ്യന്മാരാണ് ആയുർവേദത്തെ ഈ രൂപത്തിൽ വളർത്തിയെടുത്തത്. ഇപ്പോൾ അഞ്ചു വർഷം ആയുർവേദ കോഴ്സ് കഴിയുന്ന ഒരാൾ ഡോക്ടറായി മാറുന്നു, ചികിത്സ ആരംഭിക്കുന്നു. എന്നാൽ ആയുർവേദം എന്നത് നാലഞ്ചു വർഷം കൊണ്ട് മാത്രം പഠിച്ചു തീർക്കാൻ പറ്റുന്ന ഒരു കാര്യമല്ല.
നമ്മുടെ പഴയകാല വൈദ്യന്മാരെ നോക്കിയാൽ അവരുടെ ജീവിതത്തിലെ സുപ്രധാന ഘട്ടം മുഴുവൻ പഠനത്തിന് വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളത്. ആ പഠനം ഇപ്പോൾ കാണുന്ന രീതിയിലുള്ള ശാസ്ത്രീയമായ പഠനരീതിയല്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഗുരുകുല സമ്പ്രദായ രീതിയിൽ, മുതിർന്ന വൈദ്യനോടൊപ്പം ചേർന്നു നിന്നുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും, എന്താണ് മരുന്ന് എന്ന് അറിയുകയും, അതിനുള്ള ചേരുവകൾ എന്താണെന്നും, ഏതൊക്കെ മരുന്നുകളാണ് കൂട്ടിച്ചേർക്കേണ്ടതെന്നും അതിനുവേണ്ടി പച്ചമരുന്നുകൾ ഏതൊക്കെയാണ് എടുക്കേണ്ടതെന്നും. ഇലകൾ, വേരുകൾ അങ്ങനെ പലതും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. അതെല്ലാം എത്രയാണ്, അതിന്റെ തോത് എന്താണ് ഇതൊക്കെ അനുഭവത്തിലൂടെ പഠിച്ചെടുക്കുകയും, അതിന് വർഷങ്ങളെടുത്ത് ഒരുതരം സാധന എന്ന രീതിയിൽ പഠിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
അതിന്റെ ഭാഗമായി അപാരമായ കഴിവിലേക്ക് ഈ രംഗത്തുള്ള പലരും എത്തുമായിരുന്നു. അത്തരം മഹദ് വ്യക്തികളാണ് ആയുർവേദത്തെ അതിന്റെ യഥാർത്ഥ പന്ഥാവിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്.

നമ്മുടെ ആധുനിക കാലത്ത് സർക്കാർ ഇടപെടുകയും സർക്കാർ ആശുപത്രികൾ സ്ഥാപിക്കുകയും പ്രത്യേക ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കുകയും ചെയ്തതോടെ ഇതിനൊരു പുതിയ മാനമുണ്ടായി. എന്നാൽ പോലും നമ്മുടെ ആയുർവേദത്തിന്റെ അടിസ്ഥാനം എന്നത് പാരമ്പര്യമായി ഇവിടെ നിലനിന്നിരുന്ന ആ പഴയ വൈദ്യന്മാരും അവരിൽ നിന്ന് പകർന്നു കിട്ടിയിട്ടുള്ള വിജ്ഞാനവുമാണ്. ആ വിജ്ഞാനത്തെ കൂടി ഉൾക്കൊണ്ടുകൊണ്ട് വേണം ആധുനിക കാലത്തെ ആയുർവേദ പഠനവും പ്രയോഗവും മുന്നോട്ട് കൊണ്ടുപോകാൻ. 
നാട്ടുവൈദ്യന്മാർക്കും നാട്ടുവൈദ്യത്തിനും പ്രത്യേക അംഗീകാരം നൽകുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിന് രൂപംകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് ഐആർഐഎ വെബ്സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ആരോഗ്യം, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. ആരോഗ്യ മേഖലയിലും ആയുർവേദ ചരിത്രത്തിലും സുവർണ ലിപികളാൽ എഴുതപ്പെടുന്ന നിമിഷമാണിതെന്നും കേരളം ആരോഗ്യ മേഖലയ്ക്ക് നൽകുന്ന എക്കാലത്തെയും മികച്ച സംഭാവനകളിൽ ഒന്നാണിതെന്നും പറഞ്ഞു. ലോകം ഇവിടെ വന്ന് ആയുർവേദത്തിൽ തെളിവധിഷ്ഠിത ഗവേഷണത്തിനുള്ള സാധ്യതകൾ തേടാൻ പോവുകയാണ്. മലബാർ കാൻസർ സെന്റർ  ക്യാൻസറിനെതിരെയുള്ള  സംയോജിത ഗവേഷണത്തിന്  താല്പര്യം പ്രകടിപ്പിച്ചതായും 
ജപ്പാൻ യൂണിവേഴ്സിറ്റി സഹകരണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ, ആയുഷ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. വി ശിവദാസൻ എം പി മുഖ്യാതിഥിയായി.  കെ. കെ. ശൈലജ ടീച്ചർ എം എൽ എ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ സുലേഖ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി ശ്രീജ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ മുഹമ്മദ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് 
കെ.വി അബ്ദുൾ റഹ്മാൻ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
വി.വി രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ മിനി, പടിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ഷംസുദീൻ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.ഡി ശ്രീകുമാർ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ് പ്രിയ, ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ ഹൃദിക്, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ എ എസ് യു ഡോ. ജയ വി. ദേവ്, നാഷണൽ ആയുഷ് മിഷൻ കേരള സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു,  മുൻ എം.പി കെ. കെ രാഗേഷ്, സി. വിജയൻ, അഡ്വ. മാത്യു കുന്നപ്പള്ളി, ഇ.പി.ആർ, വേശാല, പി.പി. ദിവാകരൻ, അഡ്വ. എ.ജെ ജോസഫ്, ഡി മുനീർ, വി.കെ ഗിരിജൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!