തലശ്ശേരി കടൽപ്പാലം പരിസരത്ത് നഗരസഭയുടെ ഒഴിപ്പിക്കൽ; 22-ഓളം തട്ടുകടകൾ നീക്കി

തലശ്ശേരി: തലശ്ശേരി കടൽപ്പാലം പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഉന്തുവണ്ടികൾക്കും തട്ടുകടകൾക്കും എതിരെ നഗരസഭയുടെ കർശന നടപടി. 22-ഓളം കടകൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. എന്നാൽ, പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന ഈ നടപടിക്കെതിരെ ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ലൈസൻസില്ല, മാലിന്യം കടലിലേക്ക്:
നഗരസഭയുടെ ലൈസൻസില്ലാതെയും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പല കടകളും ഇവിടെ പ്രവർത്തിച്ചിരുന്നത് എന്നാണ് നഗരസഭയുടെ വിശദീകരണം. കൂടാതെ, കടകളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയുകയും, ബാക്കിയുള്ളവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു.
നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഒ.ടി. ഷബീർ, ക്ലീൻസിറ്റി മാനേജർ സി. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ വിലങ്ങിൽ, ദിനേശ്, വീണ, കുഞ്ഞിക്കണ്ണൻ, പ്രദീപൻ എന്നിവർക്കും ശുചീകരണ തൊഴിലാളികൾക്കും ഒപ്പമാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്.
തൊഴിലാളികളോടുള്ള വെല്ലുവിളിയെന്ന് യൂണിയനുകൾ:
അതേസമയം, തെരുവിൽ കച്ചവടം ചെയ്യുന്ന പാവങ്ങളെ നഗരസഭ അധികൃതർ ഒഴിപ്പിക്കുകയും ഉന്തുവണ്ടികളും ഭക്ഷണ സാധനങ്ങളും എടുത്തു കൊണ്ടുപോകുകയും ചെയ്ത നടപടി തൊഴിലാളികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി), വഴിയോര കച്ചവടക്കാരുടെ സംഘടന എന്നിവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ദൈനംദിന ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ഈ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ നിയമപരമായി ഏതറ്റം വരെ പോകാനും തങ്ങൾ തയ്യാറാണെന്ന് സംഘടനാ നേതാക്കളായ എം. നസീർ, പി.പി. അനസ് എന്നിവർ വ്യക്തമാക്കി.







