മെഡ് പോപ്പുലസ് ഹെൽത്ത് കെയർ പാലിയേറ്റീവ് അവാർഡ് ഐ.ആർ.പി.സിക്ക്; വിതരണം നാളെ

കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിലെയും രോഗി പരിചരണ രംഗത്തെയും നിസ്വാർത്ഥ സേവനം മുൻനിർത്തി, മെഡ് പോപ്പുലസ് ഹെൽത്ത് കെയറിന്റെ ഈ വർഷത്തെ പാലിയേറ്റീവ് അവാർഡ് ഐ.ആർ.പി.സിക്ക് (IRPC) നൽകും. സ്ഥാപനത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് മെഡ് പോപ്പുലസ് മാനേജിംഗ് ഡയറക്‌ടർ എം.പി ഹരികൃഷ്‌ണൻ നമ്പ്യാർ കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
10,001 രൂപയും മൊമെന്റോയും പാലിയേറ്റീവ് ഉപകരണവും അടങ്ങുന്നതാണ് പുരസ്കാരം.
അവാർഡ് വിതരണം നാളെ:
നാളെ (ഫെബ്രുവരി 22) വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ മുഖ്യാതിഥിയാകും. മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി വിജയരാജൻ അധ്യക്ഷത വഹിക്കും.
ഡോക്ടർമാരെ ആദരിക്കും:
ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ ഡോക്ടർമാരെയും ചടങ്ങിൽ ആദരിക്കും. എ.കെ.ജി ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. കെ.പി മുസ്‌തഫ, ഡോ. ശാന്ത രാജേന്ദ്രൻ, ഡോ. കെ. ഗംഗാധരൻ, ഡോ. സി.കെ ധനഞ്ജയൻ, ഡോ. സഫിയ ഷാ എന്നിവർക്കാണ് ആദരവ് നൽകുക.
വാർത്താസമ്മേളനത്തിൽ പി.സി വിജയരാജൻ, ഡയറക്ടർമാരായ സുനിൽ പി., ഹേമചന്ദ്രൻ എം.ടി., മിലേഷ് കുമാർ എന്നിവരും പങ്കെടുത്തു.






