വോയ്‌സ് ഓഫ് പയ്യന്നൂർ ‘സമാദരം-2026’; അഞ്ച് പ്രതിഭകളെ ആദരിക്കും

പയ്യന്നൂർ: വോയ്‌സ് ഓഫ് പയ്യന്നൂർ സംഘടിപ്പിക്കുന്ന ‘സമാദരം-2026’ ഫെബ്രുവരി 8-ന് വൈകുന്നേരം 6.30-ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും ഡി.വൈ.എസ്.പി.യുമായ ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ശാസ്ത്ര പ്രതിഭ പി. കുഞ്ഞികൃഷ്ണൻ, അഭിനയ പ്രതിഭ ഉദിനൂർ ബാലഗോപാലൻ, നാട്യപ്രതിഭ കലാമണ്ഡലം ലത, പ്രസംഗ പ്രതിഭ പി.കെ. സുരേഷ് കുമാർ, മാധ്യമ പ്രതിഭ വിജയൻ തെരുവത്ത് എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
നഗരസഭ ചെയർപേഴ്‌സൺ അഡ്വ. സരിൻ ശശി മുഖ്യാതിഥിയാകും. ഡോ. ഇ. ശ്രീധരൻ, ഡോ. വി.എം. സന്തോഷ് എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും. വോയ്‌സ് ഓഫ് പയ്യന്നൂർ ആതിഥ്യമരുളുന്ന ശിശിരോത്സവം 2026-ന്റെ ഭാഗമായാണ് സമാദരം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന ശിശിരോത്സവം കലാപരിപാടികൾ അരങ്ങേറും.






