ഹൃദയവേദന കണ്ടറിഞ്ഞ് സേവിക്കണം; ടച്ച് ഓഫ് മേഴ്സി മാതൃകയാണെന്ന് ഡെപ്യൂട്ടി മേയർ കെ.പി. താഹിർ

കണ്ണൂർ: സമൂഹത്തിൽ പുറത്തുപറയാനാകാത്ത ദുരിതങ്ങൾ അനുഭവിക്കുന്ന മിഡിലീസ്റ്റ് കുടുംബങ്ങളുടെ വേദനകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നത് മഹത്തരമാണെന്ന് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ പ്രസ്താവിച്ചു. ചെറുകുന്ന് ബഷീർ സഅദിയുടെ നേതൃത്വത്തിലുള്ള ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ “താങ്ങും തണലും മനുഷ്യർക്കൊപ്പം” എന്ന പ്രമേയത്തിലുള്ള ബറാഅത്ത് വിരുന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്യതയുടെ മുഖംമൂടിയുള്ളതിനാൽ പലരും തങ്ങളുടെ കഷ്ടപ്പാടുകൾ പുറത്തുപറയാറില്ല. അത്തരക്കാരെ കണ്ടെത്തി സഹായിക്കുന്നതിൽ ടച്ച് ഓഫ് മേഴ്സി മറ്റു സംഘടനകളിൽ നിന്നും വേറിട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർപേഴ്‌സൺ മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി പതാക ഉയർത്തി. വർക്കിംഗ് പ്രസിഡന്റ് എ.സി. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. എം.ഡി ബഷീർ സഅദി ചെറുകുന്ന് ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങിൽ ജിതേഷ് കണ്ണപുരം റിപ്പബ്ലിക് ദിന പ്രഭാഷണവും ഡോ. ടി.സി. മോഹനൻ സ്നേഹ പ്രഭാഷണവും നടത്തി. റമളാൻ ബ്രോഷർ പ്രകാശനം പി.വി. അബ്ദുൽ അലി ഹാജി നിർവ്വഹിച്ചു. വിവിധ കേന്ദ്രങ്ങളിലായി 486 കുടുംബങ്ങൾക്ക് 1400 രൂപയുടെ കിറ്റുകൾ വിതരണം ചെയ്തു. ഫെബ്രുവരി 15-ന് നടക്കുന്ന റമളാൻ കിറ്റ് വിതരണോദ്ഘാടനം വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ധീൻ നിർവ്വഹിക്കും. പി.വി. മുസ്തഫ സ്വാഗതവും കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.






