മാലിന്യം കത്തിച്ചു: സ്കൂളിന് 15,000 രൂപ പിഴ ചുമത്തി

മമ്പറം: സ്കൂളിലെ മാലിന്യങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ കൂട്ടിയിട്ട് കത്തിച്ചതിന് മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിന് 15,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തി നടപടിയെടുത്തത്.
മമ്പറം പാലത്തിന് താഴെയുള്ള സ്കൂൾ ബസ് പാർക്കിംഗ് ഗ്രൗണ്ടിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത്. ക്ലാസ് റൂമുകൾ വൃത്തിയാക്കിയ ശേഷമുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. സ്ഥലത്തുനിന്നും മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സ്ക്വാഡ് ശേഖരിച്ചു. ഇവ പരിശോധിച്ചതിലൂടെയാണ് മാലിന്യം സ്കൂളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്.
കേരള പഞ്ചായത്തീരാജ് നിയമപ്രകാരമാണ് സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തിയത്. പിഴ ഈടാക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വേങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് അംഗങ്ങളായ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെറിൻ ജോൺ എന്നിവർ പങ്കെടുത്തു.






