വൈജ്ഞാനിക വിപ്ലവത്തിന് നൂറ്റാണ്ട്; സമസ്ത ശതാബ്ദി മഹാസമ്മേളനത്തിന് കുണിയയിൽ ആവേശോജ്ജ്വല തുടക്കം

കാസർകോട്: ലോകമെങ്ങുമുള്ള വിശ്വാസികൾ ഉറ്റുനോക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ചരിത്രപരമായ തുടക്കം. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംഘടനയുടെ ത്രിവർണ്ണ പതാക വാനിലുയർത്തിയതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
മക്ക, മദീന, ബാഗ്ദാദ്, അജ്മീർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച 100 പതാകകൾ 3331 വിഖായ വൊളന്റിയർമാരുടെ പ്രൗഢമായ റൂട്ട് മാർച്ചോടെയാണ് നഗരിയിലെത്തിച്ചത്. പ്രധാന കൊടിമരത്തിന് ചുറ്റുമായി സജ്ജീകരിച്ച 99 കൊടിമരങ്ങളിലായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉൾപ്പെടെയുള്ള മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പതാകകൾ ഉയർത്തി.
വൈകുന്നേരം 7 മണിയോടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ ഈജിപ്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതൻ ഡോ. മുഹമ്മദ് അബ്ദുല്ല ദാംഇം അൽ ജുൻദി വിശിഷ്ടാതിഥിയായി സംബന്ധിച്ചു. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നിർവ്വഹിച്ചു. എം.പിമാർ, എം.എൽ.എമാർ തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 1926-ൽ രൂപീകൃതമായ സമസ്തയുടെ കരുത്തും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.






