കാങ്കോലിന്റെ അഭിമാനം; പി.വി. നിരഞ്ജന ഇനി ബാംഗ്ലൂർ സായ് സെന്ററിൽ പരിശീലനം നേടും

കാങ്കോൽ: കാങ്കോൽ ഫാസ്റ്റ് അക്കാദമിയുടെ ട്രാക്കിൽ നിന്നും ഇന്ത്യൻ കായിക ലോകത്തിന്റെ നെറുകയിലേക്ക് ഒരു അഭിമാനതാരം കൂടി ചുവടുവെക്കുന്നു. സംസ്ഥാന സ്കൂൾ കായിക മേളയിലെ റേസ് വോക്കിംഗിൽ (Race Walking) വിസ്മയം തീർത്ത കോറോം സ്വദേശിനിയും മാത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായ പി.വി. നിരഞ്ജനയ്ക്കാണ് ബാംഗ്ലൂർ സായ് (SAI) സെന്ററിലേക്ക് സെലക്ഷൻ ലഭിച്ചത്.
ഒഡീഷയിലെ തിളക്കം; നേരിട്ടുള്ള സെലക്ഷൻ:
ഒഡീഷയിൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റായിരുന്നു നിരഞ്ജനയുടെ കരിയറിലെ വലിയ വഴിത്തിരിവായത്. 3000 മീറ്റർ റേസ് വോക്കിംഗിന് മുന്നോടിയായി നിരഞ്ജന നടത്തിയ വാം അപ്പ് സെഷൻ ഇന്ത്യൻ ടീം റേസ് വോക്കിങ് പരിശീലകനും ജർമ്മൻ സ്വദേശിയുമായ റൊണാൾഡിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നിരഞ്ജനയുടെ നടപ്പിലെ വേഗതയും, താളവും, കരുത്തും നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം മറ്റ് ട്രയൽസുകൾ ഒന്നുമില്ലാതെ തന്നെ ബാംഗ്ലൂർ സായ് സെന്ററിലേക്ക് താരത്തിന് നേരിട്ട് സെലക്ഷൻ നൽകി.
വിജയത്തിന് പിന്നിലെ കരുത്ത്:
കാങ്കോൽ ഫാസ്റ്റ് അക്കാദമിയിലെ യുവ പരിശീലകൻ അഖിൽ ദാസിന്റെ ശാസ്ത്രീയ പരിശീലനമാണ് നിരഞ്ജനയുടെ ഈ മികച്ച നേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി. കാങ്കോലിന്റെ പ്രിയ കായിക അധ്യാപകൻ എ. കരുണാകരൻ മാസ്റ്ററും, മാത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപിക സുജ ടീച്ചറും ഈ മുന്നേറ്റത്തിൽ നിരഞ്ജനയ്ക്ക് നിർണായക പിന്തുണ നൽകി. കോറോം സ്വദേശികളായ പ്രകാശൻ്റെയും മഹിജയുടെയും മകളാണ് നിരഞ്ജന.





