നിരവധി കേസിലെ പ്രതി പോക്സോ കേസിൽ പിടിയിൽ; പ്രതി പോലീസ് വാഹന ത്തിന്റെ ഗ്ലാസ് തകർത്തു

വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വളപട്ടണം പോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട വാഹന ത്തിന്റെ ഗ്ലാസ് തകർത്തു. നിരവധി കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിയും നിലവിൽ കൊറ്റാളി ആയുർവേദ ആശുപത്രിക്ക് സമീപം താമസക്കാരനുമായ എം. പരമശിവത്തെ (30) ആണ് വളപട്ടണം ഇൻസ്‌പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരവും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതി, സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട KL 01 BW 5945 നമ്പർ വാഹനത്തിന്റെ പിൻവശത്തെ സൈഡ് ഗ്ലാസ് സ്വന്തം തലകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നു. ഏകദേശം 2000 രൂപയുടെ നാശനഷ്ടം പ്രതി വരുത്തി.
ഇൻസ്‌പെക്ടർ പി. വിജേഷിനെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ സുജിത്, ഭാസ്‌കരൻ, ഷാജി, പ്രജിത്ത്, ജിജേഷ്, വിജേഷ്, ഡ്രൈവർമാരായ ജോർജ്ജ്, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






