ഫിസിയോ, ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾക്കും ‘ഡോക്ടർ’ എന്ന് ഉപയോഗിക്കാം; ഐ.എം.എയുടെ ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി: ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കുന്നതിൽ മെഡിക്കൽ ബിരുദധാരികൾക്ക് (എം.ബി.ബി.എസ്) മാത്രമായി നിയമപരമായ പ്രത്യേക അവകാശമില്ലെന്ന് ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ഈ പദവി എം.ബി.ബി.എസുകാർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
• അവകാശവാദം തള്ളി: ഡോക്ടർ എന്ന പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ല.
• സ്വതന്ത്ര ചികിത്സാ അധികാരം: ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർമാരുടെ സഹായികൾ മാത്രമാണെന്ന വാദം കോടതി തള്ളി. ഇവർക്ക് സ്വതന്ത്രമായി രോഗനിർണയം നടത്താനും ചികിത്സ നൽകാനും അധികാരമുണ്ട്.
• നിർണ്ണായക പങ്ക്: ആരോഗ്യരംഗത്ത് ഇവർ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ്. അതിനാൽ പ്രൊഫഷണൽ പദവിയുടെ ഭാഗമായി ‘ഡോക്ടർ’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല.







