ധർമടം മുൻ എംഎൽഎ കെ.കെ. നാരായണൻ അന്തരിച്ചു

കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. പെരളശേരിയിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലെ പ്രമുഖനായിരുന്ന കെ.കെ. നാരായണൻ, 2011ൽ ധർമടം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് മുമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പ്രവർത്തിച്ചു.
കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എ.കെ.ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹകരണ രംഗത്തും പൊതുജന സേവന മേഖലയിലും നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
കെ.കെ. നാരായണന്റെ നിര്യാണം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തിന് വലിയ നഷ്ടമാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അറിയിച്ചു.






