വിവാദ പോസ്റ്റുകളെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ അന്തരിച്ചു

കാഞ്ഞങ്ങാട് : വിമാന അപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമപോസ്റ്റുകളിലൂടെ വിവാദത്തില്‍പ്പെട്ട് സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിംഗ് കോളനിയിലെ എ.പവിത്രന്‍(56) നിര്യാതനായി മാവുങ്കാല്‍ സ്വദേശിയാണ്.
പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഏതാനും നാളുകളായി പവിത്രന്‍ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍(കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക(പത്താംതരം വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫീസില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പവിത്രനെ റവന്യൂ മന്ത്രി കെ.രാജന്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അന്ത്യം. മുമ്പ് കാഞ്ഞങ്ങാട് എംഎല്‍എ ഇ . ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തിയതിനും പവിത്രന്‍ സസ്പെന്‍ഷനിലായിരുന്നു. ജോയിന്‍റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന നേതാവായിരുന്ന ഇയാളെ പിന്നീട് സംഘടനയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.







