കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മെയ് 4ന്; 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Screenshot
ന്യൂഡൽഹി: കേരളമടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികൾ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന് ആയിരിക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9-നാണ് പോളിംഗ്. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും, പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലും വോട്ടെടുപ്പ് നടക്കും.
പോരാട്ടം കടുക്കും:
കേരളത്തിൽ മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് എൽ.ഡി.എഫും അധികാരത്തിൽ തിരിച്ചെത്താൻ യു.ഡി.എഫും ഇറങ്ങുമ്പോൾ പോരാട്ടം വാശിയേറിയതാകും. തമിഴ്നാട്ടിൽ ഡി.എം.കെ തുടർഭരണം ലക്ഷ്യമിടുമ്പോൾ എ.ഐ.എ.ഡി.എം.കെയും നടൻ വിജയ്യുടെ ടി.വി.കെ പാർട്ടിയും വെല്ലുവിളിയുയർത്തുന്നു. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ നാലാം ഭരണത്തിന് ശ്രമിക്കുമ്പോൾ ബി.ജെ.പിയും സി.പി.എം-കോൺഗ്രസ് സഖ്യവും ശക്തമായ പോരാട്ടത്തിനിറങ്ങും. അസമിലും ബി.ജെ.പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് തിരിച്ചുരവിനായുള്ള ശ്രമത്തിലാണ്.
കേരളം ബൂത്തിലേക്ക്; അറിയേണ്ട കണക്കുകൾ:
മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2.71 കോടി വോട്ടർമാരാണുള്ളത്.
• ആകെ വോട്ടർമാർ: 2,71,11,856
• സ്ത്രീ വോട്ടർമാർ: 1.38 കോടിയിലധികം
• പുരുഷ വോട്ടർമാർ: 1.32 കോടിയിലധികം
• ഭിന്നലിംഗ വോട്ടർമാർ: 227
• കന്നി വോട്ടർമാർ (18-19 വയസ്സ്): 4,24,518
• ആകെ പോളിങ് ബൂത്തുകൾ: 30,471 (പുതിയതായി 5034 ബൂത്തുകൾ കൂടി)
• വോട്ടെണ്ണൽ കേന്ദ്രങ്ങൾ: 41
വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാം:
ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് ഇനിയും അവസരമുണ്ട്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി വരെ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.






