കണ്ണൂർ നഗരത്തിൽ ഇനി ഗതാഗത കുരുക്കഴിയും; മേലെ ചൊവ്വ, തെക്കീ ബസാർ മേൽപാലങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ

Screenshot
കണ്ണൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന രണ്ട് പ്രധാന മേൽപാലങ്ങളുടെ പ്രവൃത്തികൾ ദ്രുതഗതിയിലായി. മേലെ ചൊവ്വയിലും, തെക്കീ ബസാറിൽ നിന്ന് കാൾടെക്സിലേക്കുമാണ് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ പാലങ്ങൾ വരുന്നത്.
മേലെ ചൊവ്വ ഫ്ലൈഓവർ:
മേലെ ചൊവ്വയിലെ പാലം നിർമ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കിക്കൊണ്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (ULCCS) നിർമ്മാണച്ചുമതല.
• പ്രത്യേകതകൾ: 424.60 മീറ്ററാണ് ഫ്ളൈ ഓവറിൻ്റെ നീളം. ഇതിന് പുറമെ 600 മീറ്റർ പുതിയ സർവീസ് റോഡുമുണ്ട്.
• ഗതാഗത ക്രമീകരണം: തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് പാലം വഴിയും, മട്ടന്നൂർ ഭാഗത്തേക്ക് അപ്രോച്ച് റോഡ് വഴി തിരിഞ്ഞു പോകാനും പാകത്തിലാണ് പാലവും റോഡും നിർമ്മിക്കുന്നത്.
• എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനകം ഈ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
തെക്കീ ബസാർ – കാൾടെക്സ് ഫ്ലൈഓവർ:
തെക്കീ ബസാർ മുതൽ ചേമ്പർ ഹാൾ വരെ നീളുന്ന 1093 മീറ്റർ ദൈർഘ്യമുള്ള ഫ്ലൈ ഓവറിനായി 130 കോടി രൂപയുടെ അംഗീകാരം സർക്കാർ നേരത്തെ നൽകിയിരുന്നു. കിംസ്റ്റ് ആശുപത്രിക്ക് സമീപത്ത് നിന്ന് തുടങ്ങി ട്രെയിനിങ്ങ് സ്കൂളിന് സമീപം അവസാനിക്കുന്ന പാലത്തിന് 10 മീറ്ററാണ് വീതി. ഇരു വശങ്ങളിലും സർവീസ് റോഡും നടപ്പാതയും ഉണ്ടായിരിക്കും.
പദ്ധതിയുടെ 80 ശതമാനം സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞു. നഗരത്തിൻ്റെ വികസനത്തിന് നേതൃത്വം നൽകേണ്ട മുൻ മേയറടക്കമുള്ളവർ എതിർപ്പുമായി രംഗത്തെത്തിയത് പദ്ധതി വൈകാൻ കാരണമായിരുന്നു. സ്ഥലമെടുപ്പ് തടസ്സപ്പെടുത്താനായി നൽകിയ അറുപതിൽപ്പരം ഹർജികളിലെ നിയമക്കുരുക്കുകൾക്ക് പരിഹാരം കണ്ടാണ് ഇപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.






