പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണത്തിലേക്ക്; 32 കോടി രൂപയുടെ വികസനപദ്ധതി അവസാനഘട്ടത്തിൽ
പയ്യന്നൂർ ▸ അമൃത് ഭാരത് സ്‌റ്റേഷൻ സ്കീമിന്റെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ സമഗ്രമായി നവീകരിക്കപ്പെടുകയാണ്. 32 കോടി 20 ലക്ഷം രൂപ ചെലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.
സ്റ്റേഷനിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി 3000 വാഹനങ്ങൾക്കായി പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കായി 2000 ത്തിലധികവും കാറുകൾക്കായി 1000 ത്തിലധികവും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സൗകര്യമുള്ള സ്ഥലം നിലവിൽ പൂർത്തിയായി. നിലവിലെ റോഡ് സ്റ്റേഷന്റെ മുൻവശത്തുനിന്ന് മാറ്റി പാർക്കിങ് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുന്നതിന്റെ പ്രവർത്തികളും അവസാനഘട്ടത്തിലാണ്.
മൂന്ന് പ്ലാറ്റ്‌ഫോമുകളുടെയും മേൽക്കൂര, ടൈൽ പാകൽ, വെളിച്ച സൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. പുതുക്കിയ പ്ലാറ്റ്‌ഫോമുകളിലും ആധുനിക രീതിയിലുള്ള കസേരകൾ എത്തിച്ചിട്ടുണ്ട്. റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം ആരംഭിച്ചു. യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ സമയവും പ്ലാറ്റ്‌ഫോം വിവരങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ ഡിസ്‌പ്ലേ സ്ഥാപിച്ചിട്ടുണ്ട്.
ശൗചാലയങ്ങൾ, എസി വിശ്രമ സൗകര്യങ്ങൾ, ഷോപ്പിങ് ഫസിലിറ്റികൾ തുടങ്ങിയവയുടെ പണികൾ അവസാന ഘട്ടത്തിലാണ്. ലിഫ്റ്റ്, എസ്കലേറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
റോട്ടറി മിഡ് ടൗൺ നിർമിച്ച പാർക്കിങ് ഏരിയയിൽ നവീകരണത്തിന്റെ ഭാഗമായി കെട്ടിട നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഏഴിമല നാവിക അക്കാദമിയും പെരിങ്ങോം സിആർപിഎഫ് ക്യാംപുമടങ്ങിയുണ്ടായ സംസ്ഥാനത്തെ പ്രധാന പ്രതിരോധ കേന്ദ്രങ്ങൾക്ക് അടുത്തുള്ള പയ്യന്നൂർ സ്റ്റേഷനിന്റെ പ്രാധാന്യം ഇതിലൂടെ കൂടുതൽ ഉയർന്നിരിക്കുന്നു.
