കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

കണ്ണൂർ ▸ കണ്ണൂർ-വയനാട് ഹൈവേയിലെ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള പ്രധാന റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. അതേസമയം, അധികൃതരുടെ അടിയന്തിര പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരിക്കുന്നു.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
അതേസമയം, കണ്ണൂർ-കാസർകോട് തീരത്ത് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS അറിയിച്ചു. തീരദേശ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികളും പൊതുജനവും അതീവ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.







