ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം വ്യാപക കള്ളവോട്ട് ചെയ്തു; കണ്ണൂരിൽ മുഴുവൻ സീറ്റും യു.ഡി.എഫ് നേടുമെന്ന് മുസ്ലിം ലീഗ്

Screenshot
കണ്ണൂർ: ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി സഹദുള്ളയും ആരോപിച്ചു.
ജില്ലയിൽ ബി.ജെ.പി – എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് പരസ്യമായിരുന്നു. അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ്, പേരാവൂർ മണ്ഡലങ്ങളിലാണ് ഇത് ഏറ്റവും വ്യാപകമായി നടന്നത്. അഴീക്കോട് മണ്ഡലത്തിൽ സി.പി.എമ്മിന് വേണ്ടി ബി.ജെ.പിയും എസ്.ഡി.പി.ഐയും പരസ്യമായി വോട്ട് പിടിക്കുന്ന സാഹചര്യ പോലും ഉണ്ടായതായി ലീഗ് നേതാക്കൾ ആരോപിച്ചു.
എന്നിരുന്നാലും അവിഹിതമായ ഈ സഖ്യത്തെ പരാജയപ്പെടുത്തി ജില്ലയിൽ ഒരു തരംഗമായി യു.ഡി.എഫ് മുഴുവൻ സീറ്റുകളും പിടിച്ചെടുക്കും. ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇന്ന് നടന്നത്. ഭരണവിരുദ്ധ വികാരത്തിൽ യു.ഡി.എഫ് കണ്ണൂർ ജില്ലയിൽ അജയ്യമായ നിലയിൽ മുന്നേറുമെന്നും നേതാക്കൾ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയെ വിൽപ്പനച്ചരക്കാക്കി മാറ്റിയ സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെതിരെ വോട്ടവകാശം വിനിയോഗിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളെയും, അതിനുവേണ്ടി പ്രവർത്തിച്ച മുഴുവൻ യു.ഡി.എഫ് പ്രവർത്തകരെയും നേതാക്കളെയും ഇവർ അഭിവാദ്യം ചെയ്തു.







