ഓട്ടോയാത്രക്കാരികളെ തടഞ്ഞ് വീഡിയോ ചിത്രീകരിച്ച ബസ് ഡ്രൈവർക്കെതിരെ കേസ്

പരിയാരം: ഓട്ടോ യാത്രക്കാരികളെ തടഞ്ഞുനിര്‍ത്തി അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
രാമപുരം കൊത്തിക്കുഴിച്ചപാറയിലെ പ്രകാശന്റെ പേരിലാണ് കേസെടുത്തത്. ഇന്നലെ രാത്രി 7.15 മണിക്ക് ഹനുമാരമ്പലം റോഡിലായിരുന്നു സംഭവം.
ഏഴോത്തെ എം.പുരുഷോത്തമന്റെ ഭാര്യ കെ.രമ്യയുടെ(46)പരാതിയിലാണ് കേസെടുത്തത്.
പിലാത്തറയില്‍ നിന്ന് പഴയങ്ങാടിയിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന പരാതിക്കാരിയെയും കൂടെയുള്ളവരേയും പിന്തുടര്ന്നു വന്ന പ്രതി അമ്പലം റോഡില്‍ യാത്രക്കാരിൽ ഒരാള്‍ ഇറങ്ങിയപ്പോഴാണ് ഓട്ടോ തടഞ്ഞുനിര്‍ത്തി യാത്രക്കാരായ സ്ത്രീകളുടെ വീഡിയോ ഫോണിൽ ചിത്രീകരിച്ചത്.
ബസില്‍ യാത്ര ചെയ്യാതെ ഓട്ടോയില്‍ യാത്ര ചെയ്ത വിരോധത്തിലാണ് വാഹനം തടഞ്ഞുനിര്ത്തിയാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







