ഇരിട്ടി തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കരിക്കോട്ടക്കരി ചെമ്പോത്തനാടി സ്വദേശി തൈക്കാട്ടിൽ ജിതിൻ ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡിനോയെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുഃഖവെള്ളി ദിവസം വൈകുന്നേരം 3.30-ഓടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.
സുഹൃത്തുക്കളായ ആറുപേർ ചേർന്ന് കോളിക്കടവ് തെങ്ങോല പുഴക്കടവിൽ എത്തിയതായിരുന്നു. പുഴയിലിറങ്ങി നീന്തി തുരുത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജിതിനും ഡിനോയും മുങ്ങിപ്പോയത്. ഡിനോയെ രക്ഷപ്പെടുത്തിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല.
തുടർന്ന് ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയിലെ അസി. സ്റ്റേഷൻ ഓഫീസറും (ഗ്രേഡ്) സ്കൂബാ ഡൈവറുമായ എൻ.ജി. അശോകൻ പുഴയുടെ അഞ്ചു മീറ്ററോളം ആഴത്തിൽ കിടക്കുകയായിരുന്ന ജിതിനെ കണ്ടെത്തി പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കരിക്കോട്ടക്കരി ചെമ്പോത്തനാടി സ്വദേശി റിജോയുടെയും ജാൻസിയുടെയും മകനാണ് മരിച്ച ജിതിൻ. സഹോദരി: ജിറ്റി.
സംഭവമറിഞ്ഞ് ഇരിട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ, സ്കൂബാ ഡൈവർ എൻ.ജി. അശോകൻ, എസ്.എഫ്.ആർ.ഒ മാരായ സന്ദീപ്, പി.എച്ച്. നൗഷാദ്, രാജേഷ്, അനീഷ്, ആഷിക്ക്, ധനേഷ്, ഹോം ഗാർഡുമാരായ ബെന്നി, സരീഷ്, ബിനോജ്, ശ്രീജിത്ത് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.







