ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

Screenshot
കണ്ണൂർ: മനുഷ്യരുടെ മുഴുവൻ പാപങ്ങളും ഏറ്റെടുത്ത് യേശുക്രിസ്തു കുരിശുമരണം വരിച്ചതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. സഹനത്തിന്റെയും അസാധാരണമായ ത്യാഗത്തിന്റെയും വലിയ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും പ്രത്യാശയുടെ വെളിച്ചം പകരുന്നതാണ്.
ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ:
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും നടക്കും. പ്രധാന തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.
• സിറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മാർ റഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
• യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തും.
• പാമ്പാടി ദയറായിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും.
• വരാപ്പുഴ അതിരൂപതാ അധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
വൈകുന്നേരത്തോടെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ഭക്തിസാന്ദ്രമായ കുരിശിന്റെ വഴിയും നടക്കും.







