അവധിക്കാലം വായനക്കാലം; കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാലയിൽ ‘വായനാമധുരം’ വായനാ ചലഞ്ചിന് തുടക്കമായി

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘അവധിക്കാലം വായനക്കാലം’ – ‘വായനാമധുരം’ വായനാ ചലഞ്ചിന് ആവേശകരമായ തുടക്കമായി. വേനലവധിക്കാലത്ത് കുട്ടികളെ മൊബൈൽ ഫോണുകളിൽ നിന്നകറ്റി പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വായനാ ചലഞ്ചിന്റെ ഉദ്ഘാടനം പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിൽ കുന്നരു നിർവ്വഹിച്ചു. കെ. ശ്രീഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. വൈ.വി. കണ്ണൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.
കമലാക്ഷൻ വെള്ളാച്ചേരി, എ.ബി. ബിജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ. മനോഹരൻ സ്വാഗതവും സി. വിനീത് നന്ദിയും രേഖപ്പെടുത്തി. നിരവധി കുട്ടികളും രക്ഷിതാക്കളും വായനാ ചലഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.







