കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ കൊടിയേറ്റം

Screenshot
കണ്ണാടിപ്പറമ്പ്: വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് സുരേന്ദ്രൻ നമ്പൂതിരിപ്പാടിന്റെ തിരുവത്താഴത്തിനുള്ള അരി അളക്കൽ ചടങ്ങും ഇതോടൊപ്പം നടന്നു.
ഏപ്രിൽ 1 മുതൽ 7 വരെ എല്ലാ ദിവസവും രാവിലെ 5ന് ഗണപതി ഹോമം, ഉഷഃപ്പൂജ, ശ്രീഭൂതബലി നവകം, പഞ്ചഗവ്യം പൂജിച്ച് കലശം ആടി ഉച്ചപൂജ എന്നിവ നടക്കും. വൈകുന്നേരം 4.30ന് കേളി, കൊമ്പ് പറ്റ്, 5ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, മേളം, ദീപാരാധന എന്നിവയുണ്ടാകും. രാത്രി 10ന് സേവ, വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, എതിരേൽപ്പ്, ചന്തം, നൃത്തം, അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവയാണ് പ്രധാന താന്ത്രിക ചടങ്ങുകൾ.
വിവിധ ദിവസങ്ങളിലെ പ്രധാന കലാ-സാംസ്കാരിക പരിപാടികൾ:
• ഏപ്രിൽ 1 (ഇന്ന്): രാത്രി 7.30ന് ചന്ദ്രോത്ത്കണ്ടി മടപ്പുരയുടെ ഭജനാമൃതം, സപര്യരാജ് രാമപുരത്തിന്റെ ഓട്ടൻതുള്ളൽ, ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരകളി.
• ഏപ്രിൽ 2 (വ്യാഴം): രാത്രി 7.30ന് കോഴിക്കോട് സൂപ്പർ ബാൻഡ് ഓർക്കസ്ട്രയുടെ മ്യൂസിക് നൈറ്റ്.
• ഏപ്രിൽ 3 (വെള്ളി): വൈകുന്നേരം 6.30ന് നാറാത്ത് പാണ്ഡ്യൻതട സ്ഥാനത്തേക്ക് എഴുന്നള്ളത്ത്. 7.30ന് നൃത്ത നൃത്യങ്ങൾ, ഫ്യൂഷൻ തിരുവാതിര, മന്ത്ര മ്യൂസിക് കണ്ണൂരിന്റെ ഗാനമേള. 9ന് പാണ്ഡ്യൻ തടസ്ഥാനത്ത് നിവേദ്യ പൂജ, മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, 10ന് തിരിച്ചെഴുന്നള്ളത്ത്.
• ഏപ്രിൽ 4 (ശനി): രാത്രി 7.30ന് സിത്താനി ഭജൻ ഫ്യൂഷൻ ഒരുക്കുന്ന ഭജൻസ്.
• ഏപ്രിൽ 5 (ഞായർ): രാവിലെ 8ന് ഉത്സവബലി. രാത്രി 7.30ന് പാരമ്പര്യ തിരുവാതിര, തെരു കലാ കൂട്ടായ്മയുടെ രംഗോത്സവം.
• ഏപ്രിൽ 6 (തിങ്കൾ): രാത്രി 7.30ന് ഗുരുവായൂർ ഗാന്ധാരയുടെ സാമൂഹ്യ നാടകം “മഗധ”.
• ഏപ്രിൽ 7 (ചൊവ്വ – മഹോത്സവം): രാത്രി 7.30ന് കലാസന്ധ്യ, കോലാട്ടം, ഫ്യൂഷൻ ഡാൻസ്. രാത്രി 11ന് കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തിൽ നിന്നും കരടി വരവ്, ഗണേഷ് വാദ്യസംഘത്തിന്റെ തായമ്പക, പള്ളിവേട്ടക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ചന്തം, കരടിക്കളി, തിടമ്പ് നൃത്തം, എരിഞ്ഞിക്കൽ ദേവസ്വം മാങ്ങാടിന്റെ പൂരക്കളി.
ഏപ്രിൽ 8-ന് രാവിലെ 9 മണിക്ക് ക്ഷേത്രക്കുളത്തിൽ നടക്കുന്ന ആറാട്ടിനും തിരിച്ചെഴുന്നള്ളത്തിനും ശേഷം കൊടിയിറങ്ങും. തുടർന്ന് നടക്കുന്ന വിപുലമായ ആറാട്ട് സദ്യയോടെ ഈ വർഷത്തെ ഉത്രവിളക്കുത്സവത്തിന് സമാപനമാകും.







