രാമന്തളി 17ശുഹദാംമഖാം ഉറൂസ് ഏപ്രിൽ 1 മുതൽ 5 വരെ

പയ്യന്നൂർ: വൈദേശികാധിപത്യത്തിനെതിരെ ഹസ്റത്ത് പൊക്കർ മൂപ്പരുടെ (റ) നേതൃത്വത്തിൽ പറങ്കിപ്പടയോട് യുദ്ധം ചെയ്ത് ധീരരക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണകളുറങ്ങുന്ന ചരിത്രപ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാം ഉറൂസ് ഏപ്രിൽ 1 മുതൽ 5 വരെ വിപുലമായ പരിപാടികളോടെ നടക്കും. എ.ഡി 1524-ൽ നടന്ന പോരാട്ടത്തിൽ വീരമൃത്യു വരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന രാമന്തളി ജുമാ മസ്ജിദ് അങ്കണത്തിലാണ് വർഷം തോറും ഉറൂസ് നടന്നു വരുന്നത്.
ഏപ്രിൽ 1-ന് വൈകുന്നേരം 4 മണിക്ക് (അസർ നിസ്കാരാനന്തരം) 17 ശുഹദാ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ബുഖാരി അൽ ജലാലി നേതൃത്വം നൽകും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ശുഹദാനഗറിൽ പതാക ഉയർത്തും. തെക്കുമ്പാട് മഖാം സിയാറത്ത് യാത്രയ്ക്ക് ശേഷം വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ ഉറൂസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അൻവർ അലി ഹുദവി പുളിയക്കോട് മുഖ്യപ്രഭാഷണം നടത്തും.
ഏപ്രിൽ 2-ന് രാത്രി 7 മണിക്ക് ജലീൽ റഹ്മാനി വാണിയന്നൂർ, 3-ന് ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, 4-ന് മുനീർ ഹുദവി വിളയിൽ എന്നിവർ മതപ്രഭാഷണം നടത്തും.
ഏപ്രിൽ 5-ന് ഉച്ചയ്ക്ക് 1 മണിക്ക് (ളുഹർ നിസ്കാരാനന്തരം) മൗലീദ് പാരായണത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് സമൂഹ അന്നദാനം നടക്കും. വൈകുന്നേരം 4 മണിക്ക് ഖതമുൽ ഖുർആനും, രാത്രി 7 മണിക്ക് സമാപന സമ്മേളനവും നടക്കും. കെ. അബൂബക്കർ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ ഫൈസൽ ഹുദവി പാണ്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടുപ്രാർത്ഥനയോടെ ഉറൂസ് സമാപിക്കും.
വാർത്താ സമ്മേളനത്തിൽ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ, കെ. സിദ്ധീഖ്, കെ. അബൂബക്കർ, കെ.വി. അബൂബക്കർ, കെ.കെ. അഷറഫ്, ഇ. അബൂബക്കർ, പി.എം. ലത്തീഫ്, പി.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.







