ധർമ്മടത്ത് തിരഞ്ഞെടുപ്പ് പര്യടനം സജീവമാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദ്

ധർമ്മടം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മടം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദിന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ പുരോഗമിക്കുന്നു. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രചാരണം.
രാവിലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് പരിസരത്ത് നിന്ന് തുടങ്ങിയ പര്യടനം പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്, മമ്പറം ഹയർസെക്കൻഡറി സ്കൂൾ, മാമ്പ ബി.എഡ് കോളേജ് എന്നിവിടങ്ങളിൽ എത്തി. വിദ്യാർത്ഥികളുമായും അധ്യാപകരുമായും അദ്ദേഹം നേരിട്ട് സംവദിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.
തുടർന്ന് ചക്കരക്കല്ലിൽ നടന്ന വനിതാ ലീഗ് നിയോജകമണ്ഡലം കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു. വൈകുന്നേരം മമ്പറം ടൗൺ കേന്ദ്രീകരിച്ച് റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു. പ്രചാരണ പരിപാടികളിൽ വിവിധ വിഭാഗം ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അഡ്വ. വി.പി അബ്ദുൽ റഷീദ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മണ്ഡല പര്യടന പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം.







