LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

വാർത്താകുറിപ്പ്, 25-03-2026, കലക്ടറേറ്റ് കോൺഫറൻസ് ഹാൾ

0
img_9752
Spread the love

കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 24ന് പൂർത്തിയായി. ജില്ലയിലാകെ 117 സ്ഥാനാർഥികളാണ് നാമനിർദേശം സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേശം 29 സ്ഥാനാർഥികളുടെ പത്രികകൾ നിരസിക്കുകയും 88 സ്ഥാനാർഥികളുടെ നാമനിർദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 26 വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി. വ്യാഴാഴ്ച വൈകീട്ടോടെ സ്ഥാനാർഥികളുടെ അന്തിമ പട്ടികയാവും. ഇതോടെ പ്രചാരണം കൂടുതൽ സജീവമാവുന്നതിനാൽ, സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.

വോട്ടർമാർ

ജില്ലയിൽ ആകെ 21,76,984 വോട്ടർമാരാണുള്ളത്. സ്ത്രീകൾ-11,24,959 (51.67%), പുരുഷൻമാർ-10,52, 014 (48.32 %). ട്രാൻസ്‌ജെൻഡർ-11. വോട്ടർപട്ടികയിൽ മാപ്പ് ചെയ്തിട്ടുള്ള സീനിയർ സിറ്റിസൺ (85 വയസ്സിന് മുകളിലുള്ളവർ)-18800. വോട്ടർപട്ടികയിൽ മാപ്പ് ചെയ്ത ഭിന്നശേഷിക്കാർ- 22928. യുവാക്കൾ (18-20): 43943
2026 മാർച്ച് 15 വരെ അപേക്ഷ നൽകിയവരെ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോളിങ് സ്റ്റേഷൻ

ജില്ലയിലാകെ 2177 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുഴുവൻ പോളിങ്ങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കുന്നുണ്ട്.

  • ഏറ്റവും കൂടുതൽ പോളിങ്ങ് സ്റ്റേഷൻ തളിപ്പറമ്പ് മണ്ഡലം-233.
  • ഏറ്റവും കുറവ് പോളിങ്ങ് സ്റ്റേഷൻ കണ്ണൂർ മണ്ഡലം-179
  • പിങ്ക് പോളിംഗ് സ്‌റ്റേഷൻ: 15.
  • ഭിന്നശേഷി വിഭാഗക്കാരായ ജീവനക്കാർ വോട്ടെടുപ്പ് നടത്തുന്ന പോളിംഗ് സ്‌റ്റേഷൻ-1, ജിഎച്ച്എസ്എസ് മുണ്ടേരി.

വോട്ടിങ്ങ് യന്ത്രങ്ങൾ

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 2612 കൺട്രോൾ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും 2830 വിവിപാറ്റുകളും ആദ്യ ഘട്ട പരിശോധന പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങൾ ആദ്യ ഘട്ട റാൻഡമൈസേഷന് ശേഷം അതാത് വരണാധികാരികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇവിഎം രണ്ടാം ഘട്ട റാൻഡമൈസേഷൻ മാർച്ച് 31ന് നടത്തും ഇവിഎം കമ്മീഷനിംഗ് അതിന് ശേഷം നടത്തും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ജില്ലയിൽ നിയമസഭാ പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ് വെയറിൽ (order.ceo.kerala.gov.in) പ്രസിദ്ധീകരിച്ചു. 12240 ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടി ഉത്തരവ് ഇതിനോടകം നൽകിയിട്ടുണ്ട്. പ്രസ്തുത ജീവനക്കാർക്ക് മാർച്ച് 24 മുതൽ മുതൽ 29 വരെയായി 15 പരിശീലന കേന്ദ്രങ്ങളിൽ ആദ്യ ഘട്ട പരിശീലനം നൽകുന്നുണ്ട്.
പോളിങ്ങുമായി ബന്ധപ്പെട്ട് 495 മൈക്രോ ഒബ്‌സർവർമാരെയും ഹോം വോട്ടിങ്ങുമായി ബന്ധപ്പെട്ട് 203 മൈക്രോ ഒബ്‌സർവർമാരെയും നിയമിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് മൈക്രോ ഒബ്സർവർമാരായി സേവനം അനുഷ്ഠിക്കുക. ഇവർക്കുള്ള പരിശീലനം തുടങ്ങി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിന് 26 നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ജില്ലയിലാകെ ബന്ധപ്പെട്ട റിട്ടേണിങ്ങ് ഓഫീസർമാരുടെ കീഴിൽ 223 സെക്ടർ ഓഫീസർമാർ, 223 അസി. സെക്ടർ ഓഫീസർമാർ എന്നവരെ നിയമിച്ചിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകി.
തിരഞ്ഞെടുപ്പ് ചിലവ് മോണിറ്ററിംഗുമായി ബന്ധപ്പെട്ട് 33 സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും, 33 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 22 വിഎസ്ടി സ്‌ക്വാഡുകളും, 11 വിവിടി സ്‌ക്വാഡുകളും, 11 അക്കൗണ്ടിംഗ് സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് 22 ടീമുകൾ മണ്ഡലാടിസ്ഥാനത്തിലും രണ്ട് ടീമുകൾ ജില്ലാ തലത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
1572 വാഹനങ്ങൾ, 223 സെക്ടർ ഓഫീസർമാർ, 224 തിരഞ്ഞെടുപ്പ് ചിലവ് മോണിറ്ററിംഗ്, എംസിസി 24, പോളിംഗ് പേഴ്‌സനൽ 887, ഹോം വോട്ടിംഗ് 214 എന്നിങ്ങനെ സ്‌ക്വാഡുകളും നിയോഗിച്ചു.

ഹോം വോട്ടിംഗ്
ശാരീരികമോ മറ്റ് തടസ്സങ്ങളോ കാരണം യോഗ്യരായ ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹോം വോട്ടിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള വോട്ടർമാർക്കും 40 ശതമാനത്തിൽ കൂടുതൽ ബെഞ്ച് മാർക്ക് ഡിസെബിലിറ്റി ഉള്ളവർക്കും വീട്ടിൽ നിന്ന് വോട്ടുചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹോം വോട്ടിങ്ങുമായി ബന്ധപ്പെട്ട് 203 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.
ഹോം വോട്ടിംഗിനായി 41723 പേരെ തിരിച്ചറിഞ്ഞു. 20931 പേർക്ക് 12ഡി ഫോം നൽകി. ഭിന്ന ശേഷിക്കാർ 6897. 85 വയസ്സിന് മുകളിലുള്ളവർ 14034.

തിരഞ്ഞെടുപ്പ് നിരീക്ഷകർ
ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് എട്ട് ജനറൽ ഒബ്‌സർവർമാരെയും മൂന്ന് തിരഞ്ഞെടുപ്പ് ചിലവ് ഒബ്‌സർവർമാരെയും നാല് പോലീസ് ഒബ്‌സർവർമാരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റ്

നിയന്ത്രണ കേന്ദ്രങ്ങൾ: ആവശ്യത്തിന് ജീവനക്കാരെ വിന്യസിച്ചുകൊണ്ട് ജില്ലാതല കൺട്രോൾ സെല്ലും (DLCC) റീജിയണൽ ലെവൽ കൺട്രോൾ സെല്ലും (RLCC) സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
അത്യാവശ്യ സർവീസുകൾ (Form 12D): അത്യാവശ്യ സർവീസുകളിൽ ഉൾപ്പെട്ട വോട്ടർമാരിൽ നിന്നുള്ള ഫോം 12D ശേഖരണം പൂർത്തിയായി. ഇവ ഇന്ന് തന്നെ അതത് നിയോജക മണ്ഡലങ്ങളിലേക്ക് (ACs) അയക്കുന്നതാണ്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (Form 12 VoED): പോളിങ്ങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും അല്ലാത്തവർക്കും (VoED) വേണ്ടിയുള്ള ഫോം 12 ശേഖരണം എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ ആരംഭിച്ചു.

  1. വോട്ടിങ്ങ് കേന്ദ്രങ്ങൾ: എല്ലാ നിയോജക മണ്ഡലങ്ങളിലും സജ്ജീകരിച്ചിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെയും (VFC) പോസ്റ്റൽ വോട്ടിങ്ങ് സെന്ററുകളിലെയും (PVC) വോട്ടിങ്ങ് താൽക്കാലികമായി മാർച്ച് 31-ന് ആരംഭിക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടം

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതൽ 11 നിയമസഭാമണ്ഡലങ്ങളിലും രണ്ട് സ്‌ക്വാഡ് വീതവും, ജില്ലാ തലത്തിൽ രണ്ട് സ്‌ക്വാഡും ആയി 24 എം.സി.സി ടീമുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. 24 മണിക്കൂറും സി വിജിൽ കൺട്രോൾ റും പ്രവർത്തിച്ച് വരുന്നുണ്ട് (9188942435,9188942436). ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്‌കാഡുകൾക്കും എം.സി.സി യുമായി ബന്ധപ്പെട്ട് പരിശീലനം നൽകിയിട്ടുണ്ട്. സി വിജിൽ വഴി 6846 പരാതികൾ മാർച്ച് 24 വരെ കിട്ടി.

തിരഞ്ഞെടുപ്പ് ചിലവ് മോണിറ്ററിംഗ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വിവിധ തലങ്ങളിലുള്ള നിരീക്ഷണ സംഘങ്ങളെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്:
ഉദ്യോഗസ്ഥ വിന്യാസം: അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്സർവർമാർ (AEOs), ഫ്‌ലൈയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ (SSTs), വീഡിയോ സർവൈലൻസ് ടീമുകൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
പരിശോധനകൾ: 99 ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും 99 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പരിശോധനകൾ നടത്തിവരുന്നു.
പിടിച്ചെടുത്തവ: രേഖകളില്ലാതെ കടത്തിയ 6,00,000 രൂപയും 10 ലിറ്റർ മദ്യവും ഇതുവരെ പിടിച്ചെടുത്തു.
വീഡിയോ നിരീക്ഷണം: പ്രചാരണ പരിപാടികൾ വീഡിയോ സർവൈലൻസ് ടീമുകൾ റെക്കോർഡ് ചെയ്യുകയും അവ പരിശോധിച്ച് ചെലവുകൾ കണക്കാക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ച: ചെലവ് നിരക്കുകൾ നിശ്ചയിക്കുന്നതിനായി 2026 മാർച്ച് 4, 19 തീയതികളിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു.
ബാങ്ക് ഇടപാടുകൾ: സംശയാസ്പദമായ ഇടപാടുകളും എടിഎം വഴിയുള്ള പണക്കൈമാറ്റവും നിരീക്ഷിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പരാതി പരിഹാരം: പണമോ മറ്റ് വസ്തുക്കളോ പിടിച്ചെടുക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ജില്ലാതല ഗ്രീവൻസ് കമ്മിറ്റി രൂപീകരിച്ചു.
സ്ഥാനാർത്ഥികളുടെ അക്കൗണ്ട് പരിശോധന
സ്ഥാനാർത്ഥികളുടെ കണക്കുപുസ്തകങ്ങൾ പരിശോധിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതികൾ: മാർച്ച് 31, ഏപ്രിൽ നാല്, ഏഴ്.

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ വോട്ടുകൾ എണ്ണുക മൂന്നു കേന്ദ്രങ്ങളിൽ.
കണ്ണൂർ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് (ചിൻടെക്), തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലാണ് മെയ് നാലിന് വോട്ടെണ്ണുക.

അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ടിൽ എണ്ണുക.

പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടുകൾ
തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ തലശ്ശേരി ബ്രണ്ണൻ കോളേജിലും എണ്ണും.

വോട്ടെണ്ണൽ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്‌ട്രോങ്ങ് റൂമുകളും ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ 9 ന് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്തു സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും.

തുടർന്ന് മെയ് നാലുവരെ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ സൂക്ഷിക്കും.

തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ:

തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ അതാത് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം.

പയ്യന്നൂർ നിയമസഭാമണ്ഡലം-ജിവിഎച്ച്എസ്എസ് പയ്യന്നൂർ.
കല്യാശ്ശേരി-ഗവ. ഗേൾസ് എച്ച്എസ്എസ് മാടായി.
തളിപ്പറമ്പ്- ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്.
ഇരിക്കൂർ-ഗവ. എച്ച്എസ്എസ് കുറുമാത്തൂർ.
അഴീക്കോട്-കെഎംഎം ഗവ. വിമൻസ് കോളേജ് കണ്ണൂർ.
കണ്ണൂർ-ജിവിഎച്ച്എസ്എസ് കണ്ണൂർ.
ധർമ്മടം- ജിഎച്ച്എസ്എസ് പാലയാട്.
തലശ്ശേരി- ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി.
കൂത്തുപറമ്പ്- നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്.
മട്ടന്നൂർ- മട്ടന്നൂർ എച്ച്എസ്എസ്.
പേരാവൂർ-സെന്റ് ജോസഫ്‌സ് എച്ച്എസ് തുണ്ടിയിൽ.

പ്രീസർട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനും എംസിഎംസി

രജിസ്റ്റർ ചെയ്ത ദേശീയ, രാഷ്ട്രീയ സംസ്ഥാന പാർട്ടികൾ, രജിസ്റ്റർ ചെയ്യാത്ത പാർട്ടികൾ, സ്ഥാനാർഥികൾ, വ്യക്തികൾ എന്നിവ ടെലിവിഷൻ ചാനലുകളിലോ കേബിൾ നെറ്റ് വർക്കുകളിലോ സിനിമാ ഹാളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നൽകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് മുൻകൂറായി അനുമതി വാങ്ങേണ്ടതാണ്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) മുമ്പാകെയാണ് അപേക്ഷ നൽകേണ്ടത്.
രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ അനുമതി നൽകൽ (പ്രീസർട്ടിഫിക്കേഷൻ), പെയ്ഡ് ന്യൂസിന്റെ പരിശോധനകൾ, നടപടികൾ, വ്യാജവാർത്തകൾ, വിദ്വേഷ വാർത്തകൾ തുടങ്ങിയ മാധ്യമങ്ങളുടെ നിയമലംഘനങ്ങളുടെ പരിശോധനകൾ എന്നിവയാണ് എംസിഎംസിയുടെ കടമയും ഉത്തരവാദിത്തവും. 2004ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ ചട്ടക്കൂടിന് രൂപം നൽകിയത്.

ജില്ലാ കലക്ടർ ചെയർമാനായ ജില്ലാതല എംസിഎംസിയുടെ ചുമതലകൾ

രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ: ഇലക്ട്രോണിക് മീഡിയയിൽ പ്രക്ഷേപണത്തിനുള്ള രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ അനുമതി (പ്രീ സർട്ടിഫിക്കേഷൻ) നൽകുക. മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകളും ഇതുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുക. ജില്ലാതല എംസിഎംസി കമ്മിറ്റിയാണ് രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ നൽകുക.

മറ്റ് ചുമതലകൾ:
ഇലക്ട്രോണിക് മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങൾ നിരീക്ഷിച്ച് സമിതിയുടെ സർട്ടിഫിക്കേഷനോടെ മാത്രമാണ് ഇവ പ്രക്ഷേപണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക. തിരഞ്ഞെടുപ്പ് ചെലവ് പരിശോധനകളുമായി ബന്ധപ്പെട്ട് മറ്റ് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ നിരീക്ഷിക്കുക. സ്ഥാനാർഥി/സ്ഥാനാർഥിക്ക് വേണ്ടി മറ്റുള്ളവർ/താരപ്രചാരകർ എന്നിവർ നടത്തുന്ന പബ്ലിസിറ്റി, പരസ്യം, അഭ്യർഥന എന്നിവയും ഇതിൽ ഉൾപ്പെടും.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾ സ്ഥാനാർഥിയുടെ അറിവോ സമ്മതത്തോടെയോ ആണോ പ്രസിദ്ധീകരിച്ചത് എന്ന് നിരീക്ഷിക്കണം. അങ്ങിനെയെങ്കിൽ അത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും. സ്ഥാനാർഥി അധികാരപ്പെടുത്താതെയാണ് പരസ്യമെങ്കിൽ പ്രസാധകർക്കെതിരെ ഐപിസി 171 എച്ച് ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്റർ, കൈപ്പുസ്തകം, മറ്റ് രേഖകൾ എന്നിവയിൽ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും 1951ലെ ആർപി ആക്ട് 127 എ സെക്ഷൻ പ്രകാരമുള്ള മറ്റ് രേഖകളും ഉണ്ടോ എന്ന് പരിശോധിക്കുക.
ഓരോ സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് പരസ്യത്തിന്റെ ചെലവ് സംബന്ധിച്ച് അക്കൗണ്ടിംഗ് ടീമിന് പ്രതിദിന റിപ്പോർട്ട് സമർപ്പിക്കുക. അതിന്റെ പകർപ്പ് റിട്ടേണിംഗ് ഓഫീസർക്കും ചെലവ് നിരീക്ഷകനും നൽകണം.

പ്രീ സർട്ടിഫിക്കേഷൻ ആർക്കാണ് ബാധകം

രാഷ്ട്രീയ പരസ്യങ്ങൾ ടെലിവിഷൻ, കേബിൾ നെറ്റ് വർക്ക്/കേബിൾ ചാനലുകൾ, സ്വകാര്യ എഫ് എം ചാനലുകൾ, ഇ പേപ്പറുകൾ ഉൾപ്പെടെ റേഡിയോ എന്നിവയിൽ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളിൽ വർഷം മുഴുവൻ പ്രദർശിപ്പിക്കാനും പൊതുസ്ഥലങ്ങളിൽ ഓഡിയോ വിഷ്വൽ ഡിസ്പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളിൽ നൽകാനും ബൾക്ക് എസ്എംഎസ്/വോയ്സ് മെസേജ് നൽകാനും സാമൂഹിക മാധ്യമങ്ങൾ, ഇൻർനെറ്റ് വെബ്സൈറ്റുകൾ എന്നിവയിൽ നൽകാനും എംസിഎംസിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളിൽ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ/ഏതെങ്കിലും ഗ്രൂപ്പുകൾ/സംഘടന/അസോസിയേഷൻ/സ്ഥാനാർഥി/വ്യക്തികൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.
സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിർദേശങ്ങൾ, കമ്മീഷന്റെ ഉത്തരവുകൾ എന്നിവ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്സ് (റെഗുലേഷൻ) ആക്ട് 1995, കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് റൂൾസ് 1994 എന്നിവയിലെ മാർഗനിർദേശങ്ങൾ ഇതു സംബന്ധിച്ച് സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ട്.

രാഷ്ട്രീയ പരസ്യങ്ങളുടെ സർട്ടിഫിക്കേഷന് അപേക്ഷിക്കേണ്ട വിധം

ഇലക്ട്രോണിക് മീഡിയയിൽ രാഷ്ട്രീയ പരസ്യം നൽകാൻ മുൻകൂർ അനുമതിക്കുള്ള അപേക്ഷയോടൊപ്പം നിർദിഷ്ട പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകർപ്പുകൾ സമർപ്പിക്കണം. പരസ്യത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഉള്ളടക്കം (ട്രാൻസ്‌ക്രിപ്റ്റ്) ഉൾപ്പെടുത്തണം.
പരസ്യത്തിന്റെ ഏതെങ്കിലും ഭാഗം നീക്കം ചെയ്യാനോ മാറ്റം വരുത്താനോ നിർദേശം നൽകാൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പരിശോധനയ്ക്ക് ശേഷം കമ്മിറ്റിയുടെ നിർദേശം ലഭിച്ച് 24 മണിക്കൂറിനകം നിർദിഷ്ട മാറ്റങ്ങൾ വരുത്തേണ്ടതാണ്. മാറ്റങ്ങൾ വരുത്തിയ പരസ്യം വീണ്ടും പരിശോധനയ്ക്കും അനുമതിക്കുമായി സമർപ്പിക്കണം. സമിതി വീണ്ടും പരിശോധിച്ച്, പരസ്യം മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ബോധ്യപ്പെട്ടാൽ പ്രക്ഷേപണ യോഗ്യമാണെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. അനുമതി നൽകിയ പരസ്യത്തിന്റെ ട്രാൻസ്‌ക്രിപ്റ്റിന്റെ ആധികാരിക പകർപ്പ് അപേക്ഷകന് നൽകണം.
അനുമതി നൽകിയ പരസ്യത്തിന്റെ ട്രാൻസ്‌ക്രിപ്റ്റും ഇലക്ട്രോണിക് പകർപ്പുകളും കമ്മറ്റിയുടെ കൈവശം സൂക്ഷിക്കേണ്ടതാണ്.

സമയപരിധി

രജിസ്റ്റർ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥിയോ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ മൂന്ന് ദിവസം മുമ്പ് പ്രീ സർട്ടിഫിക്കേഷന് അപേക്ഷിക്കണം.
രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയോ ഏതെങ്കിലും വ്യക്തിയോ ആണെങ്കിൽ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ ഏഴ് ദിവസം മുമ്പ് പ്രീ സർട്ടിഫിക്കേഷന് അപേക്ഷിക്കണം.
പ്രീ സർട്ടിഫിക്കേഷൻ അപേക്ഷ ലഭിച്ചാൽ എം സി എംസി പരമാവധി ലഭിക്കുന്ന ദിവസം തന്നെ തീർപ്പാക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കണം.

അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ സർട്ടിഫിക്കേഷൻ

ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ലാ എം സി എം സികളുടെ മുൻകൂർ അനുമതിയില്ലാതെ (പ്രീ സർട്ടിക്കേഷൻ) പ്രസിദ്ധീകരിക്കരുത്.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കാൻ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് എം സി എം സിയിൽ അപേക്ഷ നൽകണം.

മാധ്യമങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ

ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നിരോധിച്ചിരിക്കുന്നു.
അതിനാൽ മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ ഒഴിവാക്കണം.
ഏതെങ്കിലും സ്ഥാനാർഥിയുടെ വ്യക്തിപരമായ സ്വഭാവം, പെരുമാറ്റം, സ്ഥാനാർഥിത്വം എന്നിവ സംബന്ധിച്ചോ സ്ഥാനാർഥിത്വം പിൻവലിച്ചതിനെ പറ്റിയോ, തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയുടെ വിജയ സാധ്യതയെപറ്റിയുള്ള മുൻവിധികളെ സംബന്ധിച്ച് വിമർശനാത്മകമായതോ തെറ്റായതോ ആയ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പത്രങ്ങൾ വിട്ടുനിൽക്കണം. സ്ഥാനാർഥിക്കോ പാർട്ടിക്കോ എതിരായ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്.

കേബിൾ ഓപ്പറേറ്റർക്ക് സുപ്രീംകോടതി നിർദേശങ്ങൾ

ജാതി, മതം, വർഗം, ഭാഷ ഭിന്നത ഉളവാക്കുന്ന പരസ്യങ്ങൾ കേബിൾ ഓപ്പറേറ്റർമാർ ഒഴിവാക്കണം.
ധാർമികത, മാന്യത, മതവികാരം എന്നിവ വ്രണപ്പെടുത്തുന്ന പരസ്യങ്ങൾ പാടില്ല.
ദേശീയത, ജാതി, വർണം, മതം എന്നിവയെ പരിഹസിക്കൽ, കുറ്റകൃത്യങ്ങൾ, ക്രമക്കേട്, നിയമലംഘനം എന്നിവയ്ക്ക് ആളുകളെ പ്രേരിപ്പിക്കൽ, അക്രമം, അശ്ലീലം എന്നിവയെ മഹത്വവൽക്കരിക്കൽ എന്നിവ സംബന്ധിച്ച ഒരു പരസ്യവും അനുവദിക്കരുത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടി, സ്ഥാനാർഥികൾ എന്നിവർ ഒഴികെയുള്ളവരുടെ പരസ്യങ്ങൾ നിരോധിക്കുന്നില്ല. എങ്കിലും ഇത്തരക്കാർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ നേട്ടത്തിനായി പരസ്യങ്ങൾ നൽകാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
രാഷ്ട്രീയപാർട്ടിക്കോ സ്ഥാനാർഥിക്കോ എതിരായ പരസ്യങ്ങൾ അനുവദിക്കാനാകില്ലെന്നും ഇതിൽ സൂചിപ്പിക്കുന്നു

പെയ്ഡ് ന്യൂസ്
പണത്തിനായോ അനുതാപത്തിന്റെ പേരിലോ അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏത് വാർത്തയും വിശകലനവും പെയ്ഡ് ന്യൂസ് ആണെന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർവചനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നു. പെയ്ഡ് ന്യൂസ് പൊതുജനങ്ങളെ വഴി തെറ്റിക്കുകയും ശരിയായ അഭിപ്രായം രൂപപ്പെടുത്തുന്നതിൽനിന്ന് അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വാർത്തയും പരസ്യവും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ വിന്യസിക്കണമെന്ന് കമ്മീഷൻ നിർദേശിക്കുന്നു. വാർത്തകൾക്ക് ക്രെഡിറ്റ് ലൈൻ ഉണ്ടായിരിക്കണമെന്നും അതിന്റെ ടൈപ്പ് ഫെയ്സ് പരസ്യത്തിൽനിന്ന് വ്യതിരിക്തമായിരിക്കണമെന്നും നിർദേശിക്കുന്നു.

സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ പെയ്ഡ് ന്യൂസ് പരിശോധന ബാധകമാവുന്നു. ജില്ലാതല എംസിഎംസി അതിന്റെ സംവിധാനത്തിലൂടെ പെയ്ഡ് ന്യൂസ് പരിശോധനയ്ക്കായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും കേബിൾ നെറ്റ് വർക്കുകളും നിരീക്ഷിക്കുന്നു. പെയ്ഡ് ന്യൂസ് പ്രസിദ്ധീകരിച്ച് അല്ലെങ്കിൽ പരാതി ലഭിച്ച് 96 മണിക്കൂറിനുള്ളിൽ ജില്ലാതല എംസിഎംസിയുടെ സൂചന പ്രകാരം റിട്ടേണിംഗ് ഓഫീസർ വിശദീകരണത്തിനോ ചെലവ് വെളിപ്പെടുത്താനോ ആവശ്യപ്പെട്ട് സ്ഥാനാർഥിക്ക് നോട്ടീസ് നൽകും. കമ്മിറ്റി തീരുമാനിക്കുന്ന കേസുകളിൽ മാത്രമാണ് നോട്ടീസ് നൽകേണ്ടത്. റഫർ ചെയ്യപ്പെടുന്ന എല്ലാ കേസുകളിലും നോട്ടീസ് നൽകേണ്ടതില്ല. സ്ഥാനാർഥി റിട്ടേണിംഗ് ഓഫീസറുടെ പേരിലാണ് മറുപടി നൽകേണ്ടത്. നോട്ടീസ് നൽകി 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി മറുപടി നൽകിയില്ലെങ്കിൽ എംസിഎംസിയുടെ തീരുമാനം അന്തിമമായിരിക്കും. ജില്ലാതല എംസിഎംസിയുടെ തീരുമാനത്തിനെതിരെ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളിൽ സംസ്ഥാന എംസിഎംസിക്ക് പരാതി നൽകാം. അതിലും പരാതി ഉണ്ടെങ്കിൽ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നൽകാം.

പെയ്ഡ് ന്യൂസ് എന്ന് സംശയിക്കാവുന്ന വാർത്തകൾ ഇപ്രകാരമാണെന്ന് കമ്മീഷൻ പറയുന്നു.
പരസ്പരം മത്സരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഏതാണ്ട് ഒരേ സമയത്ത് പ്രസിദ്ധീകരിക്കുന്ന, ചിത്രവും തലക്കെട്ടുമുള്ള സമാനമായ വാർത്തകൾ. ഇവ പക്ഷേ വ്യത്യസ്ത ലേഖകരുടെ പേരിലാവും. ഒരു പത്രത്തിന്റെ ഒരേ പേജിൽ വ്യത്യസ്ത സ്ഥാനാർഥികളെ പുകഴ്ത്തി രണ്ടു പേരും
വിജയിക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ. ഒരു സ്ഥാനാർഥിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനിന്നും പിന്തുണ ലഭിക്കുന്നതായും പ്രസ്തുത സ്ഥാനാർഥി വിജയിക്കുമെന്നും പ്രസ്താവിക്കുന്ന വാർത്തകൾ. ഒരു സ്ഥാനാർഥിയെ അനുകൂലിച്ച് ബൈലൈൻ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന വാർത്ത.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!