കണ്ണൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണം സജീവം; തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു, ഓഫീസ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും ചേലോറ മേഖല പ്രവർത്തക കൺവെൻഷനും പൂർത്തിയായി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് പ്രവർത്തനം ആരംഭിക്കും.
501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു:
കെ. സുധാകരൻ എം.പി മുഖ്യ രക്ഷാധികാരിയായി 501 അംഗ യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. അഡ്വ. എം.പി. മുഹമ്മദലി (ചെയർമാൻ), രാജീവൻ എളയാവൂർ (ജനറൽ കൺവീനർ), സി.എം. ഗോപിനാഥ് (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ഓഫീസ് ഉദ്ഘാടനം ഇന്ന് (തിങ്കളാഴ്ച):
യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2:30-ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. കണ്ണോത്തുംചാൽ ഇൻകം ടാക്സ് ഓഫീസിന് എതിർവശത്താണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.
ചേലോറ മേഖല കൺവെൻഷൻ:
ചേലോറ മേഖല യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ വാരം യു.പി സ്കൂളിൽ വെച്ചു നടന്നു. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി. എറമുള്ളാൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ, ഡി.സി.സി സെക്രട്ടറി പി. മാധവൻ മാസ്റ്റർ, കട്ടേരി നാരായണൻ, രാധാകൃഷ്ണൻ, ടി.എൻ.എ. ഖാദർ, സി.എം. ഗോപിനാഥൻ, എം. റഫീഖ്, പ്രദീപൻ ചാത്തമ്പള്ളി എന്നിവർ സംസാരിച്ചു. പാർത്ഥൻ ചങ്ങാട്ട് സ്വാഗതവും ടി.വി. മഹമ്മൂദ് നന്ദിയും പറഞ്ഞു.






