ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ചത് ജില്ല കമ്മിറ്റി, ടി.കെ. ഗോവിന്ദൻ മത്സരിക്കാൻ പശ്ചാത്തലം ഒരുക്കുന്നു -സീറ്റ് വിവാദത്തിൽ എം.വി. ഗോവിന്ദൻ

Screenshot
കണ്ണൂർ: തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടി.കെ. ഗോവിന്ദന്‍റെ നടപടിയിൽ ആദ്യമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ എം.വി. ഗോവിന്ദൻ. ടി.കെ. ഗോവിന്ദന് മത്സരിക്കണമായിരുന്നുവെന്നും, അതിനുള്ള പശ്ചാത്തലം ഒരുക്കാനാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എം.വി. ഗോവിന്ദന്റെ പ്രധാന പ്രതികരണങ്ങൾ:
• സ്ഥാനാർഥിയെ തീരുമാനിച്ചത് ജില്ലാ കമ്മിറ്റി: തളിപ്പറമ്പിലെ സ്ഥാനാർഥിയെ തീരുമാനിച്ചത് ജില്ലാ കമ്മിറ്റിയാണെന്നും ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്ഥാനാർഥികളെയും ഒരുപോലെയാണ് പാർട്ടി തീരുമാനിച്ചത്.
• തെറ്റായ പ്രവണതകൾ പാർട്ടി കൈകാര്യം ചെയ്യും: എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് സ്വീകരിച്ചു എന്ന് ടി.കെ. ഗോവിന്ദനോട് തന്നെ ചോദിക്കണം. പാർട്ടിക്കകത്ത് ഇത്തരം തെറ്റായ നിലപാടുകളും പ്രശ്നങ്ങളും ചിലപ്പോൾ ഉയർന്നുവരും. അത് ശരിയായ രീതിയിൽ പാർട്ടി കൈകാര്യം ചെയ്യും.
• വിജയം ഉറപ്പ്: കണ്ണൂർ പാർട്ടിയുടെ കേന്ദ്രമാണെന്നത് ശരിയാണ്. എന്നാൽ, അവിടെ ഇത്തരത്തിലൊരു പ്രശ്നം വന്നാൽ അതിന് വഴങ്ങുകയല്ല ചെയ്യേണ്ടത്. പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകും. തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം ശക്തമായ രീതിയിൽ മുന്നോട്ട് പോവുകയും വിജയിക്കുകയും ചെയ്യുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ടി.കെ. ഗോവിന്ദന്റെ ആരോപണം:
എം.വി. ഗോവിന്ദൻ മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായിരുന്ന ടി.കെ. ഗോവിന്ദൻ കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. ഭർത്താവ് പോകുമ്പോൾ ഭാര്യയെ ആ സ്ഥാനത്ത് പിടിച്ചിരുത്തണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.






