കണ്ണൂരിൽ വൻ മാറ്റങ്ങളുമായി സി.പി.എം സ്ഥാനാർഥി പട്ടിക; തലശ്ശേരിയിൽ കാരായി രാജൻ, പേരാവൂരിൽ ശൈലജ ടീച്ചർ.

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. സിറ്റിങ് എം.എൽ.എമാരായ സ്പീക്കർ എ.എൻ. ഷംസീർ, മുകേഷ്, എം.എം. മണി എന്നിവർക്ക് ഇത്തവണ സീറ്റില്ല. ആകെയുള്ള 86 സീറ്റുകളിൽ പാലക്കാട് ഉൾപ്പെടെ അഞ്ചു സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. പ്രഖ്യാപിച്ച 81 പേരിൽ ആറുപേർ പാർട്ടി സ്വതന്ത്രരാണ്.
കണ്ണൂർ ജില്ലയിലെ പ്രധാന മാറ്റങ്ങൾ:
• തലശ്ശേരി: 2016 മുതൽ രണ്ട് തവണ എം.എൽ.എയും നിലവിലെ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. കാരായി രാജനാണ് തലശ്ശേരിയിൽ പകരം ജനവിധി തേടുക.
• തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ മുൻ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് സ്ഥാനാർഥി.
• പേരാവൂർ & മട്ടന്നൂർ: കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ. ശൈലജ ഇക്കുറി പേരാവൂരിലേയ്ക്ക് മാറി. കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ് ഇവിടെ എതിരാളി. മട്ടന്നൂരിൽ വി.കെ. സനോജാണ് സി.പി.എം സ്ഥാനാർഥി.
മറ്റ് ജില്ലകളിലെ ശ്രദ്ധേയമായ മാറ്റങ്ങൾ:
• കൊല്ലം: സിറ്റിങ് എം.എൽ.എ മുകേഷിന് പകരം സി.പി.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തിന് വേണ്ടി മണ്ഡലത്തിൽ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു.
• ഉടുമ്പൻചോല: സിറ്റിങ് എം.എൽ.എയായ എം.എം. മണിക്ക് പകരം മുൻ എം.എൽ.എ കൂടിയായ കെ.കെ. ജയചന്ദ്രനാണ് സ്ഥാനാർഥി. എം.എം. മണിയുടെ ഒഴിവിൽ ഇടുക്കി ജില്ലാ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
• പൊന്നാനി & ആലത്തൂർ: പൊന്നാനിയിലെ സിറ്റിങ് എം.എൽ.എ പി. നന്ദകുമാറിന് പകരം എം.കെ. സക്കീറും, ആലത്തൂരിലെ കെ.ഡി. പ്രസന്നന് പകരം ടി.എം. ശശിയുമാണ് സ്ഥാനാർഥികൾ.






