അമിതവേഗതയ്ക്കും അപകടങ്ങൾക്കും പൂട്ടിടാൻ പോലീസ്; നിർമ്മലഗിരി മുതൽ കരേറ്റ പാലം വരെ ഇനി 29 സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിൽ

Screenshot
കൂത്തുപറമ്പ്: തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി (KSTP) റോഡിലെ നിർമ്മലഗിരി മുതൽ കരേറ്റ പാലം വരെയുള്ള ഭാഗങ്ങളിൽ ഇനി പൂർണ്ണ ക്യാമറ നിരീക്ഷണം. നിരന്തരം വാഹനാപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പതിവായ സാഹചര്യത്തിലാണ് മേഖലയിൽ അതിസൂക്ഷ്മതയുള്ള 29 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ.പി.എസ് ക്യാമറകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അമിതവേഗതയ്ക്ക് തടയിടാൻ ജനകീയ കൂട്ടായ്മ:
ദേശീയ നിലവാരത്തിൽ ഈ റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ അമിത വേഗത വലിയ രീതിയിൽ വർദ്ധിച്ചിരുന്നു. സമീപകാലത്ത് വാഹനാപകടങ്ങളിലായി നിരവധി ജീവനുകളാണ് ഈ ഭാഗത്ത് പൊലിഞ്ഞത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായി. ഇതിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന പാതയിലും സമീപങ്ങളിലുമായി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കൂത്തുപറമ്പ് പോലീസ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്ധ്യാലക്ഷ്മി അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, മാങ്ങാട്ടിടം പഞ്ചായത്തംഗം പി. കെ. ബഷീർ, കൂത്തുപറമ്പ് എസ്.ഐ പി. ഷമീർ, മാങ്ങാട്ടിടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം. മനോഹരൻ, എൻ.പി. രാജേഷ്, ജനകീയ കമ്മറ്റി ചെയർമാൻ ഒ. ഗംഗാധരൻ മാസ്റ്റർ, കൺവീനർ സി.പി. അഷറഫ് ഹാജി എന്നിവർ സംസാരിച്ചു.






