LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 3, 2026

മണ്ണും മനസ്സും നിറച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്വിദ്യാഭ്യാസ, കാർഷിക മേഖലയ്ക്ക് മുൻതൂക്കം; സ്ത്രീ സൗഹൃദം

img_0080.jpg
Spread the love

സമൂഹത്തിന്റെ നാനാ വിഭാഗങ്ങളെ സ്പർശിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് മുൻതൂക്കം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഷബ്‌ന അവതരിപ്പിച്ച ബജറ്റ് സ്ത്രീ സൗഹൃദമായ നിരവധി പദ്ധതികൾ മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 35 കോടി രൂപയും കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ആകെ 14 കോടി രൂപയുമാണ് ബജറ്റ് വകയിരുത്തിയത്. ബജറ്റ് അവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. 

വിദ്യയാണ് വീട്, വിജ്ഞാനമാണ് വെളിച്ചം

2006 മുതലുള്ള  മുകളം പദ്ധതിയായും തുടർന്ന് സ്‌മൈൽ പദ്ധതിയായും ജില്ലയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കണ്ണൂർ ജില്ലയ്ക്ക് സാധിച്ചതായി ബജറ്റ് ചൂണ്ടിക്കാട്ടി. ആധുനിക ഫർണിച്ചറുകൾ, ടോയിലെറ്റ് സൗകര്യങ്ങൾ, കുടിവെള്ളം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടറുകൾ/ലാപ് ടോപ്പുകൾ, അസംബ്ലി ഹാൾ, ചുറ്റുമതിൽ, സോളാർ പാനലുകൾ എന്നിവയെല്ലാം സ്‌കൂളുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. *  കിടപ്പിലായ വിദ്യാർഥികൾക്ക് വിദ്യാലയ അനുഭവം ഒരുക്കുന്ന ‘സ്‌പേസ്’ പദ്ധതിക്ക് മൂന്ന് ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചു.
* ജില്ലാ പഞ്ചായത്തിന്റെ കിഴിലുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി രൂപ, സ്‌കൂളുകളിൽ ഫർണിച്ചറും മറ്റും വാങ്ങുന്നതിന് 50 ലക്ഷം രൂപ, കളിസ്ഥല നവീകരണത്തിനായി അഞ്ച് കോടി രൂപ, ഓഡിറ്റോറിയം നിർമ്മാണത്തിന് ഒരു കോടി രൂപ, പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ, ടോയിലെറ്റ് യൂണിറ്റുകളുടെ നിർമ്മാണത്തിന് ഒരു കോടി രൂപ, ചുറ്റുമതിൽ നിർമ്മാണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചു.
* വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ‘സ്‌മൈൽ- സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 45 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. 
* എസ് എസ് കെ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതം 50 ലക്ഷം രൂപ.
* കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ട് വരികയാണ്. ലഹരി വിരുദ്ധ ക്യാമ്പയിൻ- സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരായ ഷോർട്ട് ഫിലിം/റീൽസ് മത്സരം സംഘടിപ്പിക്കുന്നതിന് രണ്ട് ലക്ഷം രൂപ.
* തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്ക് താൽപര്യമുള്ള കലയിൽ പരിശീലനം നൽകുന്നതിന് ‘ഒരു വിദ്യാലയത്തിൽ ഒരു കല’ പദ്ധതിക്കായി ഏഴ് ലക്ഷം രൂപ.
* വിദ്യാർഥികളിൽ അച്ചടക്കം, സ്ഥിരോൽസാഹം, കായിക ക്ഷമത എന്നിവ രൂപപ്പെടുത്താൻ  കായിക പരിശീലനങ്ങൾ സഹായകമാണ്. ആയോധന കലകൾ  അതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്  കീഴിലെ വിദ്യാലയങ്ങളിൽ യോഗ, കരാട്ടെ, കളരി  പരിശീലനം നൽകാൻ 20 ലക്ഷം രൂപ വകയിരുത്തി.
* വിദ്യാർഥികളുടെ കായിക പരിശീലനത്തിനും മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുന്നതിനുമായി വിഷൻ ഒളിമ്പിക്‌സ് സമഗ്ര കായിക പ്രോത്സാഹന പദ്ധതിക്കായി 50 ലക്ഷം രൂപ.   
* ജില്ലയിലെ ഹയർ സെക്കൻററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 75 ലക്ഷം രൂപയും ലാബുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപയും.
*  സ്റ്റുഡൻറ്‌സ് പോലീസ്  കേഡറ്റ്  പദ്ധതിക്ക് 10 ലക്ഷം രൂപ. 
*  ജില്ലാ പഞ്ചായത്തിൻറെ കിഴിലുള്ള സ്‌കൂളുകളിൽ ലാപ്‌ടോപ്/ഡെസ്‌ക് ടോപ് കമ്പ്യൂട്ടർ വാങ്ങുന്നതിന് അഞ്ച് കോടി രൂപ.
* ജില്ലാ പഞ്ചായത്തിൻറെ കിഴിലുള്ള സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിന് അഞ്ച് കോടി രൂപ.
* കണ്ണൂർ ജില്ല സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ ‘പത്താമുദയം’ പദ്ധതിക്ക്  രണ്ട് ലക്ഷം രൂപ. 
* ജില്ലാ പഞ്ചായത്തിൻറെ കിഴിലുള്ള സ്‌കൂളുകളിൽ ജല ഗുണനിലവാര പരിശോധന സംവിധാനം ശക്തിപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ.
* സയൻസ് പാർക്കിൽ പഠനോപകരണങ്ങളുടെയും പ്രദർശന വസ്തുക്കളുടെയും നിർമ്മാണം എന്ന പദ്ധതിക്കായി രണ്ട് ലക്ഷം രൂപ വകയിരുത്തുന്നു.

കാർഷിക മേഖലയ്ക്ക് 14 കോടി

ജില്ലയിൽ കൃഷിക്ക് ഉപയോഗിക്കുന്ന ഭൂമി 1542 ച.കി.മീ ആണെങ്കിലും നെൽകൃഷി 37.02 ച.കി.മീറ്ററിൽ മാത്രമായതിനാൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2.3 കോടി രൂപ വകയിരുത്തി. കൈപ്പാട് കൃഷിക്ക് 20 ലക്ഷം രൂപ, കുറ്റിയാട്ടൂർ മാവ് കൃഷി വികസനത്തിന് അഞ്ച് ലക്ഷം രൂപ, തരിശുഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ തരിശ് രഹിതജില്ല പദ്ധതിക്ക് 50 ലക്ഷം രൂപ, പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും നടീൽ വസ്തുക്കൾ വിതരണം ചെയ്യാൻ 30 ലക്ഷം രൂപ, ചെണ്ടുമല്ലി, വാടാമല്ലി കൃഷിക്കായി ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’ പദ്ധതിക്കായി 16 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. 
കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിന്റെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 2.29 കോടി രൂപ, കാങ്കോൽ ഫാമിന്റെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 28 ലക്ഷം രൂപ, കാങ്കോൽ ഫാമിൽ മൂല്യവർധിത ഉത്പന്ന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപ, പാലയാട് ഫാമിന്റെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 65 ലക്ഷം രൂപ, വേങ്ങാട് ഫാമിന്റെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 17 ലക്ഷം രൂപ, കൊമ്മേരി ഗോട്ട് ഫാമിന്  10 ലക്ഷം രൂപയുമടക്കം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകൾക്കായി ആകെ 1.25 കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചു.  
വിസിബി നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമായി ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
ജില്ലയിലെ വനാതിർത്തികളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജനങ്ങളെയും കൃഷിയെയും പ്രയാസപ്പെടുത്തുന്നത് തടയാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വിഹിതമായി 50 ലക്ഷം രൂപ വകയിരുത്തി.

ആരോഗ്യ മേഖലയ്ക്ക് 11.16 കോടി

ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ ആകെ 11.16 കോടി  രൂപ വകയിരുത്തി.
* കണ്ണൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 7.8 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.        
* സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 1.2 കോടി രൂപ. 
* എയിഡ്‌സ് ബാധിതർക്കുള്ള രോഗ പ്രതിരോധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ.  
* ഡയാലിസിസ് ചെയ്യുന്നവർക്ക് ധനസഹായം നൽകുന്നതിന് ജില്ലാ പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ.
* കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ. 
* കണ്ണൂർ ഫൈറ്റ് കാൻസർ-കാൻസർ നിയന്ത്രണ പദ്ധതിക്ക് ഒരു ലക്ഷം രൂപ.
* സമ്പൂർണ പ്രഥമശുശ്രൂഷ സാക്ഷര ജില്ല പദ്ധതിക്ക് 10 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലുമായി 25 ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് രണ്ടര കോടി രൂപ.
* ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപ.
* ജില്ലാ ആയുർവേദാശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 2.98 കോടി രൂപ, ബാലമാനസം പദ്ധതിക്ക് മൂന്ന് ലക്ഷം രൂപ.
* ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 38.5 ലക്ഷം രൂപ.

ക്ഷീരോത്പാദന മേഖലയിൽ 2.53 കോടി

ക്ഷീരോത്പാദന മേഖലയിൽ ആകെ നൽകുക 2.53 കോടി രൂപ. 
* പാലുൽപാദനം വർധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് ജില്ലയെ നയിക്കാൻ ക്ഷീര സംഘങ്ങളിൽ  പാലളക്കുന്ന ക്ഷീരകർഷകർക്ക്  പാലിന് സബ്‌സിഡി നൽകാനും ക്ഷീരസംഘം മുഖേന വിതരണം ചെയ്യുന്ന കാലിത്തീറ്റക്ക് സബ്‌സിഡി നൽകുന്നതിനും ഓരോ കോടി രൂപ വീതം.
* സ്‌കൂൾ പൗൾട്രി ക്ലബ് ഗ്രാമ പഞ്ചായത്തുമായി സംയുക്ത പ്രൊജക്ട് നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വിഹിതമായി 13 ലക്ഷം രൂപ നൽകും. 
* ജെഎൽജി/എസ്എച്ച്ജി ഗ്രൂപ്പുകൾക്ക് ഡയറി ഫാം യൂണിറ്റ് അനുവദിക്കുന്നതിന് 20 ലക്ഷം രൂപയും ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് അനുവദിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിക്കും.

മത്സ്യബന്ധന മേഖലയ്ക്ക് 60 ലക്ഷം
മത്സ്യബന്ധന മേഖലയിൽ ആകെ 60 ലക്ഷം രൂപയാണ് നീക്കിവെച്ചത്. മത്സ്യബന്ധന മേഖലയിൽ വിവിധ പദ്ധതികളിലായി 30 ലക്ഷം രൂപയും പാലക്കോട് ഫിഷിംഗ് ഹാർബറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡ്രെഡ്ജിംഗിനുമായി 30 ലക്ഷം രൂപയും വകയിരുത്തി.

എബിസി പദ്ധതിക്ക് 1.38 കോടി

* എബിസി കേന്ദ്രത്തിന്റെയും സർജറി യൂണിറ്റിന്റെയും പ്രവർത്തനങ്ങൾക്കായി 1.18 കോടി രൂപയും എബിസി ഷെൽട്ടർ നിർമ്മാണത്തിന് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് 20 ലക്ഷം രൂപയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് 47 ലക്ഷം രൂപയും നീക്കിവെച്ചു. 
* ആർഎഎച്ച്‌സി കളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും വാങ്ങലുകൾക്കുമായി 15 ലക്ഷം രൂപ.
* മൃഗസംരക്ഷണ മേഖലയിൽ ആകെ രണ്ട് കോടി രൂപ വകയിരുത്തി. ആധുനിക അറവുശാല നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ 55 ലക്ഷം രൂപ നീക്കിവെക്കുന്നതായി വൈസ് പ്രസിഡൻറ് അറിയിച്ചു.
* മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്കായി 9.75 ലക്ഷം രൂപയും ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്കായി 8.5 ലക്ഷം രൂപയും നീക്കിവെച്ചു. 
* 2026-27 വർഷത്തെ കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന നടത്തിപ്പിന് 40 ലക്ഷം രൂപ. 

വ്യവസായ പാർക്കിന് ഭൂമിക്ക് ഒരു കോടി

* കണ്ണൂർ ജില്ലയെ വ്യാവസായിക സൗഹൃദ ജില്ലയാക്കി മാറ്റുന്നതിലേക്കുള്ള ചുവടുവെപ്പിനായി വ്യവസായ പാർക്കിന് ഭൂമി കണ്ടെത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തി. 
* സംരംഭകത്വ വികസനം എന്ന ഉദ്ദേശ്യം മുൻനിർത്തി നിക്ഷേപ സംഗമം-ഇൻവെസ്റ്റ് ഇൻ കണ്ണൂർ സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ. 
* കണ്ണൂരിന്റെ ചരിത്രവും പൈതൃകവും ലോകത്തിനു മുന്നിൽ എത്തിക്കാൻ കണ്ണൂർ ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കുന്നതിന് 50 ലക്ഷം രൂപ.
* തൊഴിലന്വേഷകർക്ക് താങ്ങായി ജോബ് ഫെയർ 2കെ26 നടത്തുന്നതിന് മൂന്ന് ലക്ഷം രൂപയും നിലവിലെ ലേബർ ബാങ്ക് ആപ്ലിക്കേഷൻ സംരംഭകർക്കും തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും ഉപയോഗിക്കാവുന്നരിതിയിൽ വിപുലീകരിക്കുന്നതിന് 10 ലക്ഷം രൂപയും ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നൈപുണ്യ പരിശീലനം പദ്ധതിക്കായി 10 ലക്ഷം രൂപയും നീക്കിവെച്ചു. ഗ്രൂപ്പ് സ്വയംതൊഴിൽ സംരംഭകർക്ക് സബ്‌സിഡി അനുവദിക്കുന്നതിന് 25 ലക്ഷം രൂപയും വനിതാ ഗ്രൂപ്പ് സ്വയംതൊഴിൽ സംരംഭകർക്ക് സബ്‌സിഡി അനുവദിക്കുന്നതിന് 37.5 ലക്ഷം രൂപയും വകയിരുത്തി.

ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതിക്ക് ഒരു കോടി

‘സ്ത്രീയുടെ കരുത്ത്, സമൂഹത്തിൻറെ ശക്തി’ ഒരു സി ഡി എസിൽ ഒരു സംരംഭം പദ്ധതിക്ക് ഒരു കോടി രൂപയും വിവിധ വനിതാ സംരംഭങ്ങളിലൂടെ ഉൽപാദിപ്പിച്ചതും നിർമ്മിച്ചതുമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഷീ-കാർട്ട് ഒരുക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.
ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ ചെറുകിട വ്യവസായ സംരംഭമായി നിർമ്മിക്കുന്ന ‘ആദി കുട’ വിപണനത്തിന് അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി.
കശുവണ്ടി സംഭരണ-സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി.
കയർ സഹകരണ സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും, തൊഴിലാളികൾക്ക് യൂണിഫോം നൽകലും പദ്ധതിക്കായി ആറ് ലക്ഷം രൂപ വകയിരുത്തി.

നെറ്റ് സീറോ കാർബൺ- കാർബൺ എമിഷൻ റിഡക്ഷൻ പ്രൊജക്ട്

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. പൊതുസ്ഥാപനങ്ങളെ പരിസ്ഥിതി സൌഹൃദവും കുറഞ്ഞ കാർബൺ ഉല്പാദനവുമുള്ള സംവിധാനങ്ങളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടുകൂടി ‘നെറ്റ് സീറോ കാർബൺ- കാർബൺ എമിഷൻ റിഡക്ഷൻ പ്രൊജക്ട്’ നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി.
*ജില്ലയിലെ കാലാവസ്ഥാ പ്രവചന സംവിധാനം കാര്യക്ഷമമാക്കുന്നതിന്  വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൻറെ ആദ്യഘട്ട പ്രവർത്തനത്തിന് 10 ലക്ഷം രൂപ വകയിരുത്തി. 
* ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിറെ ഭാഗമായി മൈക്രോ ജലവൈദ്യുത പദ്ധതി പ്രാരംഭ പ്രവർത്തനത്തിന് അഞ്ച് ലക്ഷം രൂപ വകയിരുത്തുന്നു.
* ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു.

റോഡുകൾക്ക് 25 കോടി
ജില്ലാ പഞ്ചായത്ത്  റോഡുകളുടെ അറ്റകുറ്റപണിക്ക് 15 കോടി രൂപയും ജില്ലാ പഞ്ചായത്ത് റോഡുകളുടെ മെക്കാഡം ടാറിംഗിനായി 10 കോടി രൂപയും വകയിരുത്തി

ഖാദി മേഖലയ്ക്ക് 50 ലക്ഷം

പയ്യന്നൂർ ഖാദികേന്ദ്രത്തിന് കീഴിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഖാദികേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 50 ലക്ഷം രൂപയും ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റ് വികസനത്തിനായി 20 ലക്ഷം രൂപയും വകയിരുത്തി.

ലൈഫ് ഭവന പദ്ധതി വിഹിതമായി 12 കോടി രൂപ 
ജില്ലാ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി വിഹിതമായി 12 കോടി രൂപ വകയിരുത്തി. 

വയോജന ക്ഷേമത്തിന് 1.21 കോടി രൂപ 
* കണ്ണൂർ ജില്ലയെ വയോജന സൌഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി 10 ലക്ഷം രൂപ.
* കണ്ണൂർ ജില്ലയെ ഹാപ്പിനെസ് ജില്ലയാക്കി മാറ്റുന്നതിന് ഗ്രാമ പഞ്ചായത്തുകളിലെ ഹാപ്പിനെസ് സെൻററുകൾക്ക് ധനസഹായം നൽകുന്നതിന് 10 ലക്ഷം രൂപ.
* വയോജന വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം രൂപ. 
* വയോജന വിശ്രമ കേന്ദ്രങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം രൂപ.
* ജില്ലാ തല വയോജന കലോൽസവത്തിന്  10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് തല വയോജന കലോൽസവത്തിന് അഞ്ച് ലക്ഷം രൂപയും. 

കമ്യൂണിറ്റി കിച്ചൺ, ‘അവളിടങ്ങൾ’ 

ജോലിക്ക് പോകുന്ന ദമ്പതികളുള്ള കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഭക്ഷണം പാകം ചെയ്യൽ. അത്തരം കുടുംബങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പാകം ചെയ്ത ഭക്ഷണം എത്തിച്ചു നൽകുന്ന യൂണിറ്റുകൾ കുടുംബശ്രീ സംരംഭങ്ങൾ മുഖേന നടപ്പിലാക്കുന്നതിനായി ‘കമ്മ്യൂണിറ്റി കിച്ചൺ’ പദ്ധതിക്കായി 20 ലക്ഷം രൂപ വകയിരുത്തി. 
കണ്ണൂർ ജില്ലാ പഞ്ചായത്ത് മാത്രമാണ് സംസ്ഥാനത്ത് സമ്പൂർണ സ്ത്രീ പദവി പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് ആദ്യപടി എന്ന നിലയിൽ സ്ത്രീ സൗഹൃദ ജില്ല പദ്ധതിക്കായി 20 ലക്ഷം രൂപയും അവൾക്കായി ഒരിടം എന്ന നിലയിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ‘അവളിടങ്ങൾ’ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി.  
എല്ലാ ബ്ലോക്കിലും ജാഗ്രതാസമിതി പ്രവർത്തനത്തിന്റെ ഭാഗമായി ബോധവത്കരണവും പ്രചരണവും സ്ത്രീസൗഹൃദ നിയമങ്ങളെ കുറിച്ച് അവബോധപ്രവർത്തനങ്ങളും നടത്തുന്നതിന് 11 ലക്ഷം രൂപ വകയിരുത്തി. 
കണ്ണൂരിൽ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ നിർമ്മാണത്തിന് നാല് കോടി രൂപ നീക്കിവെച്ചു. സ്ത്രീകൾക്ക് ശാരീരികക്ഷമത ഉറപ്പുവരുത്തുവാൻ വനിതാ ഫിറ്റ്‌നെസ് സെന്ററുകൾക്ക് 70 ലക്ഷം രൂപ. 

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി 11.65 കോടി

പട്ടികജാതി സമൂഹത്തിന്റെ  ഉന്നമനത്തിനായി  ആകെ 6.65 കോടി രൂപ വകയിരുത്തി. 
* പട്ടികജാതി നഗറുകളുടെ സമഗ്രവികസനത്തിനായി രണ്ട് കോടി രൂപ.
* പട്ടികജാതി സാംസ്‌കാരിക നിലയങ്ങൾ നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ. 
* പട്ടിക ജാതി ശ്മശാനങ്ങളുടെ പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ. 
* പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന്, ‘ഉന്നതിയിലേക്ക്’ പദ്ധതിക്കായി 30 ലക്ഷം രൂപയും പട്ടികജാതി വിദ്യാർഥികൾക്ക് മത്സര പരീക്ഷ പരിശീലനത്തിന് 10 ലക്ഷം രൂപയും പട്ടികജാതി യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്കുള്ള പരിശീലനത്തിന് 20 ലക്ഷം രൂപയും 
* പട്ടികജാതി സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിന് 10 ലക്ഷം രൂപ. 
* പട്ടികജാതി ക്ഷീരവികസന ഗ്രൂപ്പുകൾക്ക് മാതൃകാ തൊഴുത്ത് നിർമ്മാണത്തിന് ധനസഹായം നൽകുന്നതിന് 10 ലക്ഷം രൂപ. 
* പട്ടികജാതി റോഡ് അറ്റകുറ്റപ്പണി-ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകൽ-സംയുക്ത പദ്ധതിക്ക് 50 ലക്ഷം രൂപ.

പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ആകെ 5 കോടി രൂപ വകയിരുത്തി. 
* പട്ടികവർഗ ഉന്നതികളുടെ സമഗ്രവികസനത്തിനായി 2.5 കോടി രൂപ.
* പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്കുള്ള പരിശീലനത്തിന് 20 ലക്ഷം രൂപയും. 
* ‘ തെളിനീര് ‘ – പട്ടിക വർഗ ഉന്നതികളിൽ കുടിവെള്ള  പദ്ധതിക്ക്-30 ലക്ഷം രൂപ. 
പട്ടിക വർഗ ഉന്നതികളിൽ നടപ്പാത നിർമ്മാണ പദ്ധതിക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് 40 ലക്ഷം രൂപ വകയിരുത്തുന്നു. 
* പട്ടിക വർഗ്ഗ ഉന്നതികളിൽ ചുറ്റുമതിൽ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ.
* ആറളം ഫാമിൽ മൃതദേഹം സൂക്ഷിക്കുന്നതിന് ഫ്രീസർ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ.
* ആറളം ഫാം ബ്ലോക്ക് 55, വിയറ്റ് നാം നഗറുകളെ ബന്ധിപ്പിക്കുന്ന തൂക്കു പാലം നിർമ്മാണത്തിന് 10 ലക്ഷം രൂപ.
* പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിന് ആറ് ലക്ഷം രൂപ.

മറ്റ് ബജറ്റ് വിഹിതങ്ങൾ ചുവടെ.
* ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്  നൽകുന്നതിന് ഒന്നര കോടി രൂപ.  
* ബഡ്‌സ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗ്രാമ പഞ്ചായത്തുകൾക്ക് വിഹിതം നൽകുന്നതിന് 50 ലക്ഷം രൂപ. 
* ട്രാൻസ്‌ജെൻഡർ പദവി പഠനം നടത്തുവാൻ നാല് ലക്ഷം രൂപ, ട്രാൻസ്‌ജെൻഡർ ഭവന നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ.  
* കേൾവി പരിമിതിയുള്ളവർക്ക് ഹിയറിംഗ് എയിഡ് വിതരണം ചെയ്യൽ ‘കാതോരം’ പദ്ധതിക്ക് 25 ലക്ഷം രൂപ. 
* കാഴ്ചയില്ലാത്തവർക്ക് ഹിയറിംഗ് സോഫ്റ്റ് വെയറോടുകൂടിയ സ്മാർട്ട്‌ഫോൺ വിതരണം ചെയ്യുന്നതിന് 13 ലക്ഷം രൂപ.
* ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് 50 ലക്ഷം രൂപ.
* ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്വയംതൊഴിൽ പദ്ധതിക്കായി 10 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിനുകീഴിലെ എല്ലാ വിദ്യാലയങ്ങളും ഘടക സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 20 ലക്ഷം രൂപ.
* ഭിന്നശേഷി വ്യക്തികളുടെ കൂടെ സഹായിയായി പോകാനുള്ള സന്നദ്ധപ്രവർത്തകരുടെ പഞ്ചായത്ത് തല ഗ്രൂപ്പ് രൂപീകരണത്തിന് ‘ഒപ്പരം’ പദ്ധതിക്ക് രണ്ട് ലക്ഷം രൂപ.
* ജൻറർ ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ ഇല്ലാത്ത ടൂറിസം കേന്ദ്രങ്ങളിൽ ടോയ് ലെറ്റുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ. 
* അങ്കണവാടി/സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഗ്രാമ പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്ത് ഓഫീസിലും വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ളയുള്ള ഘടക സ്ഥാപനങ്ങളിലും സോളാർ പവർ പ്ലാൻറ് സ്ഥാപിക്കൽ പദ്ധതിക്കായി 75 ലക്ഷം രൂപ.
* ചട്ടുകപ്പാറ ആരൂഢത്തിൽ സോളാർ പവർ പ്ലാൻറ് സ്ഥാപിക്കൽ പദ്ധതിക്കായി 20 ലക്ഷം രൂപ.
* കൊമ്മേരി ഗോട്ട് ഫാം, കരിമ്പം ഫാം എന്നിവിടങ്ങളിൽ ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപ.
*  മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ.
* തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിലെ എല്ലാ കിണറുകളിലും റീചാർജ് സംവിധാനം ഒരുക്കി ജലലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിക്കായി 30 ലക്ഷം രൂപ.
* മാതൃകാ നീർത്തടാധിഷ്ഠിത വികസന പദ്ധതിക്കായി ഡിപിആർ തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ.

“വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊന്നൽ”

ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊന്നൽ നൽകിക്കൊണ്ട് 35 കോടി രൂപ ബജറ്റിൽ നീക്കിവെച്ചത് ഏറെ പ്രശംസനീയമായ ഒരു ചുവടുവെപ്പാണെന്നും കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കാർഷിക മേഖലയ്ക്കായി വലിയ തുക മാറ്റിവെച്ചത് ഏറെ ശ്രേഷ്ഠമായ കാര്യമാണെന്ന് ബജറ്റ് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രധാന അസംസ്‌കൃത വിഭവമായ കശുവണ്ടി നാട്ടിൽ തന്നെ സംസ്‌കരിക്കുന്നതിനായുള്ള സംഭരണ-സംസ്‌ക്കാരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഡി പി ആറിന് തുടക്കമിട്ടത് പ്രാദേശിക സാമ്പത്തിക വികസനത്തിന് വലിയ മാറ്റമുണ്ടാക്കുമെന്നും ചർച്ച വിലയിരുത്തി. ലൈഫ് ഭവനപദ്ധതി, വയോജന ക്ഷേമം, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവയ്ക്കും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമത്തിനായി നൽകിയ പ്രാധാന്യം ബജറ്റിന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുന്നു. 
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രജനി മോഹൻ, പി രവീന്ദ്രൻ, എ പ്രദീപൻ, ബോബി എണ്ണച്ചേരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി ഷക്കീൽ, ലേജു ജയദേവൻ, പി വി ജയശ്രീ, ജോർജ് ജോസഫ്, പി പി റെജി, കോടിപ്പോയിൽ മുസ്തഫ, ജോജി വർഗ്ഗീസ് വട്ടോളി, എം വി സരള, വി വി പവിത്രൻ, കെ അനുശ്രീ, നവ്യ സുരേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു എന്നിവർ ചർച്ചയിൽ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!