കല്യാട് ഇനി ലോക ഭൂപടത്തിൽ; അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ കല്യാട് സ്ഥാപിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ആരോഗ്യം-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ വരുംതലമുറയ്ക്ക് വേണ്ടി സംരക്ഷിച്ച്, കല്യാടിനെ ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
200 കോടിയുടെ ആദ്യഘട്ടം പൂർത്തിയായി:
ഗവേഷണകേന്ദ്രത്തിനായി കല്യാട് 300 ഏക്കറിലായി 200 കോടി രൂപ ചിലവഴിച്ചുള്ള ആദ്യ ഘട്ട നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 100 കിടക്കകളോട് കൂടിയ ഗവേഷണ ആശുപത്രി, 9,000 സ്‌ക്വയർഫീറ്റിൽ മാനുസ്‌ക്രിപ്റ്റ് കേന്ദ്രം (താളിയോല സംരക്ഷണ കേന്ദ്രം), 380 ചതുരശ്ര അടിയിൽ നേഴ്സറി ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. കിറ്റ്‌കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി. ആദ്യ ഘട്ട പ്രവർത്തനം ഏറണാകുളത്തെ ശിൽപ്പ പ്രൊജക്ടാണ് പൂർത്തിയാക്കിയത്.
ഗവേഷണവും വിപുലമായ സജ്ജീകരണങ്ങളും:
ക്യാൻസർ, വാർദ്ധക്യസഹജമായ രോഗങ്ങൾ (Aging) എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഗവേഷണത്തിനായി മലബാർ കാൻസർ സെന്ററുമായി സഹകരിക്കും. നാൽപ്പത്തിലധികം ദേശീയ-അന്തർദേശീയ ഇന്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ കേന്ദ്രവുമായി സഹകരിക്കുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്.
ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷണൽ ആയുർവേദ, മെഡിസിനൽ പ്ലാന്റ്‌സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്‌സ്, ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഐ.സി.ടി സർവീസസ് എന്നീ വകുപ്പുകൾ ഇവിടെ പ്രവർത്തിക്കും. രണ്ടാം ഘട്ടത്തിൽ അക്കാദമിക്ക് ബ്ലോക്ക്, മ്യൂസിയം, റിസർച്ച് സെന്റർ, താമസ സൗകര്യം എന്നിവ കൂടി വികസിപ്പിക്കും.
ഭൂമി ഏറ്റെടുക്കൽ:
314 ഏക്കറാണ് റിസർച്ച് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ റവന്യു വകുപ്പിന്റെ 100 ഏക്കറിലധികം സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നും 200-ൽ അധികം ഏക്കർ സ്ഥലവും ഉൾപ്പെടെ 286 ഏക്കർ കൈമാറിക്കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി കൂടി ലഭ്യമാക്കാനുളള നിയമനടപടികൾ പുരോഗമിക്കുകയാണ്.
പ്രമുഖരുടെ സാന്നിധ്യം:
ഉദ്ഘാടന ചടങ്ങിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ, നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി എന്നിവർ മുഖ്യാതിഥികളാവും. എം.എൽ.എമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. സണ്ണി ജോസഫ്, എം. വിജിൻ, കെ.വി. സുമേഷ്, കെ.പി. മോഹനൻ, അഡ്വ. സജീവ് ജോസഫ്, ടി.ഐ. മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവരും പങ്കെടുക്കും.







