ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സമാപനം

ലോക സിനിമയുടെ കാഴ്ചകൾ തീർത്ത ആസ്വാദന ദിനങ്ങൾക്ക് തിരശീല വീണു
വ്യത്യസ്ത ഭാഷകൾ, സംസ്കാരങ്ങൾ, ചിന്തകൾ, കാഴ്ച്ചപ്പാടുകൾ എന്നിവ അഭ്രപാളികളിൽ വിസ്മയം തീർത്ത കാഴ്ചയുടെ ആസ്വാദന ദിനങ്ങൾക്ക് തിരശീല വീണു. മൂന്നാമത് ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പിൽ സമാപനം. ക്ലാസ്സിക് തീയേറ്ററിൽ നടന്ന ചടങ്ങിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ കേരളത്തെ നിലനിർത്തുക എന്നതാണ് കലാ പ്രവർത്തനത്തിന്റെ ഉൾക്കരുത്തായി മാറേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോ. റസൂൽ പൂക്കുട്ടി അധ്യക്ഷനായി.
ക്ലാസിക്, ആലിങ്കീല്‍, പാരഡൈസ് തീയേറ്റര്‍ ഉടമകള്‍ക്കുള്ള ഉപഹാരങ്ങൾ എം. വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ സമ്മാനിച്ചു. നടന്‍ ഇര്‍ഷാദ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സോഹന്‍ സീനുലാല്‍, യു ഗണേശൻ സെക്രട്ടറി സി അജോയ്, സംഘാടകസമിതി കണ്‍വീനർ ഷെറി ഗോവിന്ദ് എന്നിവർ സംസാരിച്ചു.
ജീവിതവും മരണവും തമ്മിലെ സൂക്ഷ്മ പാലം
ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവലിൽ ഹൃദയം നിറച്ച് സിറാത്ത്
മൊറൊക്കോയിലെ റേവ് സംഗീതം തിരഞ്ഞുപോയ മകളെ തേടിയുള്ള പിതാവിന്റെയും സഹോദരന്റെയും യാത്രയുടെ കഥ പറയുന്ന സിറാത്ത്, ജീവിതം ദുഃഖത്തിൽ നിന്ന് മോചനത്തിലേക്കുള്ള ഒരു സങ്കീർണ്ണ യാത്രയാണെന്ന തിരിച്ചറിവാണ് പകരുന്നത്. സ്പാനിഷ് സംവിധായകൻ ഒലിവർ ലാക്സ് സംവിധാനം ചെയ്ത ചിത്രം ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവലിൽ
പ്രേക്ഷകരുടെ കണ്ണും ഹൃദയവും നിറച്ചു.
ലൂയിസ് മകൾ മറീനയെ തേടിയുള്ള യാത്രക്കിടെ മരുഭൂമിയിലെ സംഗീതയാത്ര നടത്തുന്ന യുവാക്കളുടെ റേവ് സംഘത്തിനടുത്ത് എത്തുന്നത്തോടെയാണ് സിനിമ തുടങ്ങുന്നത്. ഇവർക്കൊപ്പം ലൂയിസും മകൻ എസ്തെബനും
മരുഭൂമിയിലെ അതീവ ദുഷ്കരമായ യാത്രതുടരുന്നു. യാത്രക്കിടയിൽ വെള്ളം കുറയുന്നു, വഴിതെറ്റുന്നു, ചിലർ മാനസികമായും ശാരീരികമായും തളരുന്നു. ലൂയിസിന് തന്റെ മകനെ നഷ്ടപ്പെടുന്നു. എന്നാൽ
പിതാവ് തന്റെ മകളെ കണ്ടെത്താനുള്ള ആഗ്രഹത്തിൽ മുന്നോട്ട് നീങ്ങുന്നു. പക്ഷേ യാത്രയുടെ അവസാന ഘട്ടത്തിൽ അദ്ദേഹം തിരിച്ചറിയുന്നത്, അന്വേഷിച്ചത് ഒരു വ്യക്തിയെയല്ല, തന്റെ കുറ്റബോധത്തെയും നഷ്ടബോധത്തെയും അതിജീവിക്കാനുള്ള ഒരു വഴിയാണെന്ന്. മരുഭൂമി ശൂന്യമായി മാറുന്നു
റേവ് സംഗീതം നിശബ്ദമാകുന്നു
യാഥാർത്ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകൾ മങ്ങിയതായി തോന്നുന്നു.
സിറാത്ത് എന്നത് ഇസ്‌ലാമിക വിശ്വാസത്തിൽ സ്വർഗ്ഗത്തിനും നരകത്തിനും ഇടയിൽ ഉള്ള അതിസൂക്ഷ്മമായ ഒരു പാലമാണ്. സിനിമയുടെ അവസാന ഭാഗം അതിനെ പ്രതീകാത്മകമായി ഉപയോഗിക്കുന്നു. മരുഭൂമിയിലെ ശൂന്യത, റേവ് സാന്ദ്രമായ സംഗീതം എന്നിവയിലൂടെ സംഘർഷവും തിരിച്ചറിവും ചിത്രം ഊന്നിപ്പറയുന്നു. നഷ്ടപ്പെടലിന്റെ അതി തീവ്രതകളിൽ കണ്ണു നിറച്ച ചിത്രംപ്രേക്ഷകരെ സ്വയം തിരഞ്ഞുള്ള യാത്രയുടെ സിറാത്ത് പാലത്തോടടുപ്പിക്കുന്നു. നിറഞ്ഞ കയ്യടി കളോടെയാണ് ചിത്രം പ്രേക്ഷകർ ഏറ്റുവാങ്ങിയത്.
2025-ൽ കാൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്കാരം നേടുകയും
2026-ലെ ഓസ്കാറിലും മികച്ച അന്താരാഷ്ട്ര ചിത്രത്തിനായുള്ള മത്സരവിഭാഗത്തിൽ പരിഗണിക്കുകയും ചെയ്ത ചിത്രമാണ് സിറാത്ത്.
നൃത്തവും സംഗീതവും നിഷ്കളങ്ക പ്രണയവുമായി ഡിജെ അഹ്മെത്ത്
മസിഡോണിയയിലെ പരമ്പരാഗത ഗ്രാമത്തിൽ വളരുന്ന 15 കാരനും അവൻ്റെ സംഗീത ഭ്രമവും അതോടൊപ്പം അവനുണ്ടാകുന്ന പ്രണയവും പ്രമേയമാക്കി ജോർജി എം ഉൻകോവ്സ്കി സംവിധാനം ചെയ്ത ഡി ജെ അഹ്മെത്ത് ചലച്ചിത്ര മേളയിലെ നവ്യനുഭവമായി.
മസിഡോണിയയിലെ ഉൾഗ്രാമത്തിൽ ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് സംഗീതത്തിൽ അഭയം തേടുകയാണ് അഹ്മെത്ത് എന്ന 15 കാരനും അവൻ്റെ കുഞ്ഞനുജനും.
ഒരിക്കൽ ഗ്രാമത്തിൽ നിന്ന് കുറച്ചകലെ നടക്കുന്ന ഡി ജെ പാർട്ടിയിൽ പങ്കെടുക്കാൻ പോയ അഹ് മെത്ത് അവിചാരിതമായി തൻ്റെ അയൽക്കാരിയായ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. അവൾ യൂറോപ്യൻ സമകാലീന നൃത്തം ഇഷ്ടപ്പെടുന്നവളും നർത്തകിയുമാണ്. സംഗീതവും നൃത്തവും രണ്ടു പേരേയും പ്രണയത്തിലേക്ക് എത്തിക്കുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത് അയക്കാൻ അവളുടെ വീട്ടുകാർ നടത്തുന്ന ശ്രമങ്ങളെ തടയാൻ അവർ
നൃത്തത്തേയും സംഗീതത്തേയും ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രതിപാദ്യം.
മേളയിൽ ചൊവ്വാഴ്ച സമസ്താഃ ലോക, ശേഷിപ്പ്, അന്യരുടെ ആകാശം, സെന്റിമെന്റൽ വാല്യൂ, വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗാസ, എ പോയറ്റ്, തന്തപ്പേര് എന്നിവയാണ് പ്രദർശിപ്പിച്ചത്.
സമാപന സമ്മേളനത്തിന് ശേഷം ഷോ മിയാകെയുടെ ‘ടു സീസൺസ് ടു സ്‌ട്രെയിഞ്ചേഴ്സ്’ പ്രദർശിപ്പിച്ചു.
ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവൽ ഓപ്പൺ ഫോറം
സ്വതന്ത്ര സിനിമകൾ കാണികളിലേക്ക് എത്തിക്കുന്നതിൽ പുതുവഴികൾ തേടണം
സ്വതന്ത്ര സിനിമ നിർമാണത്തിലും പ്രദർശനത്തിലും നേരിടുന്ന വെല്ലുവിളികളും പരിമിതികളും ചർച്ച ചെയ്ത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം .
മലയാളത്തിലെ നവസ്വതന്ത്ര സിനിമയുടെ വർത്തമാനം എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.
സ്മാർട്ട് ഫോണിൻ്റെ വരവോടെ ദൈർഘ്യമേറിയ സിനിമകൾ കാണാൻ മടിക്കുന്ന അവസ്ഥയിലേക്കാണ് ആളുകൾ മാറിക്കൊണ്ടിരിക്കുന്നതെന്ന് നടനും നിർമാതാവുമായ പ്രകാശ് ബാരെ പറഞ്ഞു. വാണിജ്യ വിജയം ലക്ഷ്യമാക്കാതെ വിഷയങ്ങളുടെ പ്രസക്തി കണക്കിലെടുത്ത് നിർമിക്കുന്ന സിനിമകളാണ് സ്വതന്ത്ര സിനിമകൾ എന്ന വിഭാഗത്തിലേക്ക് മാറ്റി നിർത്തപ്പെടുന്നത്. ഇത്തരം സിനിമകൾ അപൂർവമായാണ് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തുന്നതെന്നും. സാമ്പത്തികമായും പ്രദർശനത്തിനും സർക്കാർ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാന്നുള്ളതെന്നും ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത സംവിധായകർ പറഞ്ഞു.
ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ എല്ലാ ജില്ലകളും മാതൃകയാക്കണമെന്ന് സദസിൽ നിന്ന് അഭിപ്രായമുയർന്നു.
ഓപ്പൺ ഫോറത്തിൽ നടൻ പ്രകാശ് ബാരെ, സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള, എഴുത്തുകാരി സുനൈന ഷാഹിദ ഇക്ബാൽ, ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ, സംവിധായകൻ ഷെരീഫ് ഈസ എന്നിവർ സംസാരിച്ചു. ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ മോഡറേറ്ററായി.








