കണ്ണൂർ സെൻട്രൽ ജയിലിന് ചരിത്രനേട്ടം; ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാർബൺ’ ജയിൽ

തടവറകളുടെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നൽകുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാർബൺ’ പദവി കൈവരിച്ച ജയിൽ എന്ന അഭിമാന നേട്ടം സംസ്ഥാനത്തിന് സ്വന്തമായി. കാർബൺ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കിയാണ് കണ്ണൂർ സെൻട്രൽ ജയിൽ ഈ മാതൃകാപരമായ നേട്ടം സ്വന്തമാക്കിയത്. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നെറ്റ് സീറോ കാർബൺ പദവി നേടിയ കണ്ണൂർ സെൻട്രൽ ജയിലിനുള്ള പുരസ്‌കാരം സമ്മാനിച്ചു.
കേന്ദ്ര സർക്കാർ 2070 ലും സംസ്ഥാന സർക്കാർ 2050 ലും നെറ്റ് സീറോ കാർബൺ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിലും പ്രകൃതി സംരക്ഷണത്തിനും സമഗ്രമായ പരിപാടികൾ സംഘടിപ്പിക്കുന്ന, ഹരിത കേരളമിഷനാണ് കണ്ണൂർ സെൻട്രൽ ജയിലിനു ഈ നേട്ടം കൈവരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പർശമാണ് ജയിലിൽ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.
ഹരിത കേരളമിഷന്റെയും നവകേരളം കർമ്മപദ്ധതിയുടെയും സ്റ്റേറ്റ് കോ ഓർഡിനേറ്ററായ
ഡോ. ടി. എൻ. സീമ 2025 ജനുവരി 20ന് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടികൾക്കും നിരന്തരമായ തുടർ പ്രവർത്തനങ്ങുളുടെയും പരിസമാപ്തിയിലാണ് ഈ നേട്ടം.
വെറുമൊരു പദവി എന്നതിലുപരി കഴിഞ്ഞ ഒരു വർഷമായി ജയിലിൽ നടപ്പിലാക്കിയ മാതൃക പ്രവർത്തനങ്ങളുടെ ഫലമാണിത്. ജയിൽ വകുപ്പ് നടപ്പിലാക്കി വരുന്ന നവീകരണ, തിരുത്തൽ പ്രക്രിയയുടെ ഫലമായി ജയിലിൽ കഴിയുന്ന അന്തേവാസികളുടെ ജീവിതശൈലി കൊണ്ടും മറ്റു ജയിലുകളിൽ നിന്നും വ്യത്യസ്തമായി ധാരാളം വൃക്ഷങ്ങൾ ഉള്ളതും അനുകൂല ഘടകങ്ങൾ ആണെങ്കിലും നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. സുരക്ഷ മേഖല ആയതിനാൽ ധാരാളം ലൈറ്റുകൾ ഉള്ളതിനാൽ ഉയർന്ന വൈദ്യുതി ചാർജും ഏകദേശം ആയിരത്തോളം തടവുകാർ ഉള്ളതിനാൽ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക്കിന്റെ അതി പ്രസരവും കൂടാതെ 64 ഓളം പശുക്കളുടെ ചാണകവും വലിയ വെല്ലുവിളി ആയിരുന്നു.
ലൈറ്റുകൾ മുഴുവൻ എൽ ഇ ഡി ആക്കിയും പരമാവധി ഫാനുകൾ ബി എൽ സിസി യിലേക്ക് മാറ്റിയും വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണവും കുറവും വരുത്തുകയും ചെയ്തു. ജയിലിലെ കിണറുകൾ മുഴുവൻ വൃത്തിയാക്കി ദൈനംദിന ജല ആവശ്യങ്ങൾക്ക് കിണർ വെള്ളം ഉപയോഗിച്ചു. ഇതിലൂടെ ഒരു വർഷം ജല അതോറിറ്റിയുടെ ചാർജിനത്തിൽ മാത്രം 34 ലക്ഷം രൂപയുടെ കുറവ് വരുത്തി. പശുക്കളുടെ ചാണകം പൊതുജനങ്ങൾക്കും കൃഷി വകുപ്പിനുമായി വളമായി കൊടുത്തു. ജയിലിലെ ജൈവ മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിലേക്കു മാറ്റി ബയോഗ്യാസ് ആക്കി. മുഴുവൻ അജൈവ മാലിന്യങ്ങളും ജയിലിൽ തന്നെയുള്ള ഹരിത കർമ്മ സേന തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്കു കൈമാറുകയും ചെയ്തു. ഏറ്റവും പ്രധാന വെല്ലുവിളിയായ മലിന ജല സംസ്കരണത്തിനു അന്തേവാസികളുടെ സേവനം ഉപയോഗിച്ച് പരമ്പരാഗത ശൈലിയായ മണലും ചകിരിയും കൽക്കരിയും ഉപയോഗിച്ച് പൂർണമായും ശുദ്ധീകരിച്ച് പി.എച്ച് വാല്യൂ 7 ആക്കി എല്ലാത്തരം കൃഷികൾക്കും ഉപയോഗിച്ചു. വൃക്ഷങ്ങളെ സംരക്ഷിച്ചും ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും സുഗന്ധ വീഥി എന്ന കുറ്റിമുല്ല കൃഷി നടത്തിയും പച്ചത്തുരുത്ത് നിർമ്മിച്ചും ഇത്തരത്തിൽ നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്തിയാണ് ഈ സ്വപ്ന നേട്ടം കൈവരിച്ചത്. ഉദ്യോഗസ്ഥരും ജീവനക്കാരും അങ്ങേയറ്റം സഹകരിച്ചും മികച്ച പിന്തുണ നൽകി.
ജയിൽ സൂപ്രണ്ട് കെ വേണു, ജോയിന്റ് സൂപ്രണ്ടുമാരായ റിനിൽ കെ.കെ, പ്രവീഷ് ടി. ജെ, വെൽഫയർ ഓഫീസർ രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി. ടി. സന്തോഷ്, ശ്രീജിത്ത്, വിജയകുമാർ, ഹരിത സ്പർശം കോർഡിനേറ്റർ എ. കെ ഷിനോജ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ അരുൺ കെ.ടി, ബൈജു കെ. കെ, ബിജിത്ത് എന്നിവരും ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, റിസോഴ്‌സ് പേഴ്സൺ ശ്രീരാഗ് തുടങ്ങിയവരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ശിക്ഷാവിധി നടപ്പിലാക്കുന്ന ഒരിടം എന്നതിലുപരി, സമൂഹത്തിന് വലിയൊരു പാഠം നൽകുന്ന പരിസ്ഥിതി സൗഹൃദ കേന്ദ്രമായി കണ്ണൂർ സെൻട്രൽ ജയിൽ മാറിയിരിക്കുന്നു.
പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. തടവുകാർ ഈ ഹരിത പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നത് വഴി അവർക്ക് പ്രകൃതിയോടുള്ള കരുതൽ വർദ്ധിക്കുന്നു എന്നതുമാണ് ഇതിന്റെ നേട്ടം. അടുത്ത രണ്ടു മാസം കൊണ്ട് നിലവിലെ 140 കെ വി എ യുടെ സോളാർ പ്ലാന്റ് ഓൺഗ്രിഡിലേക്ക് മാറ്റുന്നതോടു കൂടി വലിയ അളവ് കാർബൺ ക്രെഡിറ്റിലേക്ക് വരും. ഇത് ജയിലിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ വകുപ്പിന്റെ അനുമതിയോടെ സർക്കാരിലേക്ക് നിർദ്ദേശിക്കാനും ജയിൽ അധികൃതർ ആസൂത്രണം ചെയ്തിട്ടുണ്ട്.








