മികച്ച ജാഗ്രതാ സമിതി: സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി മട്ടന്നൂർ നഗരസഭ; മാതൃകയായി ഇടപെടലുകൾ

മട്ടന്നൂർ: സംസ്ഥാന വനിതാ കമ്മീഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള സംസ്ഥാന പുരസ്കാരം മട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽ നിന്ന് മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ ഒ. പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി. പ്രസീന, കൗൺസിലർ കെ. ശ്രീലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ തോമസ്, വുമൺ ഫെസിലിറ്റേറ്റർ പി. രജനി എന്നിവരും പങ്കെടുത്തു.
മാതൃകയായി മട്ടന്നൂരിന്റെ ഇടപെടലുകൾ:
കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളെ തുടർന്ന് അകന്നുനിൽക്കുന്ന ദമ്പതിമാരെ യോജിപ്പിക്കൽ, വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലെ പരാതികളിൽ പരിഹാരം കാണൽ, പീഡന പരാതികൾക്ക് നിയമസഹായം ഉറപ്പാക്കൽ തുടങ്ങി മാതൃകാപരമായ പ്രവർത്തനങ്ങളാണ് മട്ടന്നൂരിലെ ജാഗ്രതാ സമിതി ചെയ്തുവരുന്നത്. ഇതിനുപുറമെ നഗരസഭയിലെ 35 വാർഡുകളിലും വാർഡ്‌തല ജാഗ്രതാ സമിതികളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം 21 പരാതികളാണ് സമിതിക്ക് മുന്നിലെത്തുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തത്.
നഗരസഭാധ്യക്ഷൻ ചെയർമാനായ സമിതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, കുടുംബശ്രീ ചെയർപേഴ്‌സൺ, വനിതാ സാമൂഹിക പ്രവർത്തകർ എന്നിവരാണ് അംഗങ്ങളായുള്ളത്.







