വയോജന സൗഹൃദ പദ്ധതികൾക്ക് പ്രത്യേക പരിഗണന; കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാർ ശ്രദ്ധേയമായി

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ 2026-2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര സെമിനാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വയോജന സൗഹൃദ പദ്ധതികൾക്ക് ഇത്തവണത്തെ വാർഷിക പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
വർക്കിംഗ് ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങളും വാർഡ് കമ്മിറ്റികളുടെ ശുപാർശകളും ഉൾപ്പെടുത്തിയുള്ള കരട് പദ്ധതി രേഖയാണ് സെമിനാറിൽ ചർച്ചയ്ക്ക് വെച്ചത്. വികസന സെമിനാറിൽ ഉയർന്നുവന്ന പുതിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും കോർപ്പറേഷന്റെ വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുക.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് സ്വാഗതം പറഞ്ഞ ചടങ്ങിൽ, കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ പദ്ധതി രേഖ അവതരിപ്പിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ, അഡ്വ. സോന ജയറാം, കൗൺസിലർമാരായ എം.പി. അനിൽകുമാർ, പി. മഹേഷ്, സമീറ കെ., മുൻ മേയർമാരായ അഡ്വ. ടി.ഒ. മോഹനൻ, മുസ്ലിഹ് മഠത്തിൽ, ആസൂത്രണ സമിതി അംഗം സി.എം. ഗോപിനാഥൻ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി. കൃഷ്ണൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ. വിനോദ് എന്നിവർ സംസാരിച്ചു.






