പിണറായി പോലീസ് സ്റ്റേഷന്‍ മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു: കേരളാ പോലീസ് മികച്ച നിയമപാലകർ; ഒപ്പം ജനങ്ങളുടെ സുഹൃത്ത്: മുഖ്യമന്ത്രി

സംസ്ഥാന പോലീസ് സേന മികച്ച നിയമപാലകർ എന്നതിനൊപ്പം ജനങ്ങളുടെ സുഹൃത്തായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പിണറായി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടോദ്ഘാടനം പിണറായി കൺവെൻഷൻ സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നിയമ പരിപാലനത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ പ്രവർത്തിക്കാൻ പോലീസ് സേനക്ക് സാധിക്കുന്നുണ്ട്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇപ്പോൾ പോലീസിൽ എത്തുന്നത്. ഇത് പോലീസ് സേനയുടെ മികവ് വർധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക മേഖലയിൽ കഴിവും യോഗ്യതയുമുളളവർ സേനയുടെ ഭാഗമായി. സൈബർ കുറ്റകൃത്യങ്ങൾ തടയാനും ദിവസങ്ങൾക്കുളളിൽ കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനും സേനക്ക് കഴിയുന്നുണ്ട്. ഇതോടെ പോലീസ് സേനയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചു. ജനമൈത്രി പോലീസ് എന്ന ആശയം ഫലപ്രദമായി നടപ്പാക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. എത്ര ഉന്നതരായാലും കുറ്റവാളികളുടെ മേൽ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പോലീസിന് മടിയില്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനുളള എല്ലാ അധികാരവും കേരള പോലീസിനുണ്ടെന്നും മുഖ്യമത്തി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് വർഗീയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ആരെയും ചാരി നിൽക്കാതെ സ്വതന്ത്രമായി ഇടപെടാൻ പോലീസ് സേനയ്ക്കായി. അതിന്റെ ഫലമാണ് ക്രമസമാധാന പാലനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ കേരളം എത്തിയത്. സംസ്ഥാന പോലീസിന് യാതൊരു ബാഹ്യ ഇടപെടലുകളുമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നു എന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന്റെ സമീപത്തായി 803 ചതുരശ്ര മീറ്ററില്‍ മൂന്നു നിലകളിലാണ് പിണറായി പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വനിത ഹെല്‍പ്പ് ഡെസ്‌കിനായി പ്രത്യേക റൂം, വിറ്റ്നസ് എക്‌സാമിനേഷന്‍ റൂം, വിറ്റ്നസ് മോണിറ്ററിംഗ് റൂം, സ്യൂട്ട് റൂം എന്നിവ പിണറായി പോലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്. ഓഫീസ് റൂമുകള്‍, സ്ത്രീക്കും പുരുഷനും പ്രത്യേകമായി രണ്ട് ലോക്കപ്പ് റൂമുകള്‍ വിസിറ്റേഴ്‌സ് ഏരിയ, പോലീസുകാര്‍ക്കുള്ള വിശ്രമമുറികള്‍ എന്നിവ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാനം എ.ഡി.ജി.പി എച്ച് വെങ്കടേഷ്, നോര്‍ത്ത് സോണ്‍ ഐ.ജി.പി രാജ്പാല്‍ മീണ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരന്‍, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷെര്‍ളി, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രന്‍, പിണറായി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം സി.പി ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.






