കണ്ണൂർ സർവകലാശാല കലോത്സവം: പയ്യന്നൂർ കോളേജിന് ഓവറോൾ കിരീടം; 24-ാം തവണയും കലാകിരീടം ചൂടി പയ്യന്നൂർ പെരുമ!

കാഞ്ഞങ്ങാട്: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് വീണ്ടും കലാകിരീടം. സർവകലാശാലയുടെ ചരിത്രത്തിൽ 24-ാം തവണയാണ് പയ്യന്നൂർ കോളേജ് ചാമ്പ്യന്മാരാകുന്നത്. 2003, 2007 വർഷങ്ങളിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജും 2011-ൽ ബ്രണ്ണൻ കോളേജും കിരീടം നേടിയതൊഴിച്ചാൽ മറ്റെല്ലാ വർഷവും കിരീടം പയ്യന്നൂരിലേക്ക് തന്നെയായിരുന്നു.
ഭരതനാട്യം, കേരളനടനം, തിരുവാതിരകളി, പൂരക്കളി, ഗസൽ തുടങ്ങി 12 സ്റ്റേജ് ഇനങ്ങളിലും ഏഴ് സ്റ്റേജിതര ഇനങ്ങളിലും ആധിപത്യം ഉറപ്പിച്ചാണ് പയ്യന്നൂർ കോളേജ് ഇക്കുറി വിജയക്കൊടി പാറിച്ചത്. കോർഡിനേറ്ററും ഊർജതന്ത്രം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എൻ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ 105 പ്രതിഭകളാണ് പയ്യന്നൂരിനായി അണിനിരന്നത്.
തലശ്ശേരി ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനവും വിളയാങ്കോട് വിറാസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി.
ഡോ. എ. അശോകൻ, സജിത്ത് പലേരി, പ്രമോദ് വെള്ളച്ചാൽ (സിൻഡിക്കേറ്റംഗങ്ങൾ), ഡോ. കെ.വി. സുജിത്ത്, ഡോ. ടി. ദിനേശ്, നന്ദജ് ബാബു, കവിതാ കൃഷ്ണൻ, കെ. പ്രണവ്, ഋഷിത സി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. വിജയത്തിൽ ആഹ്ലാദാരവങ്ങളുമായി പയ്യന്നൂർ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും വിജയാഘോഷം സംഘടിപ്പിച്ചു.






