വികസനമുന്നേറ്റ ജാഥയ്ക്ക് പയ്യന്നൂരിൽ ഉജ്ജ്വല സ്വീകരണം; ശ്രദ്ധേയമായി സജിനി ധനരാജിന്റെ സാന്നിധ്യം

പയ്യന്നൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് പയ്യന്നൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. പയ്യന്നൂരിലെ സ്വീകരണ സമ്മേളന വേദിയിലെത്തിയ ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദനെ ടി.ഐ. മധുസൂദനൻ എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു.
സദസ്സിൽ സന്നിഹിതയായിരുന്ന രക്തസാക്ഷി സി.വി. ധനരാജിന്റെ ഭാര്യ എൻ.വി. സജിനിയെ എം.വി. ഗോവിന്ദൻ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് സജിനി എം.വി. ഗോവിന്ദനെ ഷാളണിയിച്ച് സ്വീകരിച്ചത് സമ്മേളനത്തിലെ ശ്രദ്ധേയമായ നിമിഷമായി മാറി. കെ.വി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു.
എൻ.സി.പി. സംസ്ഥാന വർക്കിങ് ചെയർമാൻ പി.എം. സുരേഷ് ബാബു, കോൺഗ്രസ് (എസ്) നേതാവ് യു. ബാബു ഗോപിനാഥ്, ഐ.എ.ൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സി.പി.ഐ. ദേശീയ സെക്രട്ടറിയറ്റംഗം പി. സന്തോഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
നേതാക്കളായ ടി.വി. രാജേഷ്, കെ.കെ. രാകേഷ്, എൻ. ചന്ദ്രൻ, പി. സന്തോഷ്, പി. ശശിധരൻ, സരിൻ ശശി, വി. ബാലൻ, ഇക്ബാൽ പോപ്പുലർ, കെ.കെ. ജയപ്രകാശ് തുടങ്ങിയ പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ വേദിയിൽ സംബന്ധിച്ചു. നാടിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുന്ന ജാഥയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.


രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന വി കൃഞ്ഞികൃഷ്ണനെതിരെ എംവി ഗോവിന്ദൻ. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നാണ് അവരോടു പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിലാണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ജനകീയ മുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.







