വോട്ടർ പട്ടിക പുതുക്കലിലെ ദുരൂഹത: ഫെബ്രുവരി 2-ന് എൽ.ഡി.എഫ് ഇലക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും

കണ്ണൂർ: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്.ഐ.ആർ. (SIR) നടപടികളിലെ ദുരൂഹതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഇലക്ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം കോർണറിൽ നിന്ന് മാർച്ച് ആരംഭിക്കും.
വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകൾ പട്ടികയിൽ നിന്ന് പുറത്തുപോകുന്നതായും, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം അനധികൃതമായി പട്ടികയിൽ കടന്നുകൂടുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.
പ്രധാന ആവശ്യങ്ങൾ:
• ബി.എൽ.ഒ.മാർ അറിയാതെ പേരുകൾ ഉൾപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുക.
• ഫെബ്രുവരി 21-ന് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അപാകതകൾ പരിഹരിക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയം അനുവദിക്കുക.
മാർച്ച് വിജയിപ്പിക്കാൻ എൽ.ഡി.എഫ്. ജില്ലാ കൺവീനർ എൻ. ചന്ദ്രൻ അഭ്യർത്ഥിച്ചു.







