ചാല്‍ ബീച്ച് ടൂറിസം; പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ക്ക് രൂപരേഖ

ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ച അഴീക്കോട് ചാല്‍ ബീച്ചില്‍ പരിസ്ഥിതി സൗഹാര്‍ദമായ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബീച്ച് സന്ദര്‍ശിച്ചു. പദ്ധതികളുടെ പ്രാഥമിക സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവും സംഘം വിലയിരുത്തി.
ചാല്‍ ബീച്ചിനെ ഗ്രീന്‍ വെഡിംഗ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുക, ഹെര്‍ബല്‍ ഗാര്‍ഡന്‍ ഒരുക്കുക, അനൗണ്‍സ്‌മെന്റ് സിസ്റ്റം, ലൈഫ് ഗാര്‍ഡ് ടവര്‍, ഷവര്‍ സൗകര്യം, ഇരിപ്പിടങ്ങള്‍, ലൈറ്റുകള്‍, സി.സി.ടി.വി. ക്യാമറകള്‍ എന്നിവ സ്ഥാപിക്കുക, ബീച്ച് ഭിന്നശേഷി സൗഹൃദമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
അഴീക്കോട് ചാല്‍ ബീച്ചില്‍ നടപ്പിലാക്കേണ്ട ടൂറിസം പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് കെ.വി സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജുവിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. രണ്ടുകോടി രൂപയുടെ ഡിപിആര്‍ തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഡി ടി പി സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറോട് യോഗം നിര്‍ദേശിച്ചു.
അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി പ്രഭാത്, ആര്‍ക്കിടെക്റ്റ് എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.







